കൂത്തുപറമ്പ്: റോഡ് സൗകര്യമില്ലാത്തതിനാൽ കണ്ണവം ഇളമാങ്കൽ കോളനിവാസികൾ നേരിടുന്ന ദുരന്തം നേരിട്ടറിയാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം കോളനിയിലെത്തി. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അശോകന്റെ നേതൃത്വത്തിൽ വനം വകുപ്പ്, ട്രൈബൽ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമാണ് കോളനി സന്ദർശിച്ചത്.
ഇവിടേയ്ക്ക് റോഡ് നിർമിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കുന്നതിന്റെ കൂടി ഭാഗമായിരുന്നു സന്ദർശനം. ദിവസങ്ങൾക്കു മുമ്പ് ജോലിക്കു പോകുന്ന വഴിയിൽ മരക്കൊമ്പ് ദേഹത്ത് പൊട്ടിവീണ് ഇളമാങ്കൽ കോളനിയിലെ മാലതി മരണപ്പെട്ടിരുന്നു. തുടർന്ന് ഇവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കിലോമീറ്ററോളം ചുമന്നായിരുന്നു വീട്ടിലെത്തിക്കാനായത്.ഈ സംഭവം വാർത്തയായതോടെയാണ് കളക്ടർ ഉൾപ്പെടെയുള്ളവർ കോളനിയിലേക്ക് റോഡ് നിർമാണത്തിനുള്ള നടപടികൾ സ്വീകരിച്ചത്.
റോഡ് നിർമാണത്തിനുള്ള എസ്റ്റിമേറ്റ് തയാറാക്കാനും കോളനിവാസികളുടെ ദുരിതം നേരിട്ടറിയാനും ഇന്നലെ സംഘം രണ്ടു കിലോമീറ്ററോളം ദുർഘട പാതയിലൂടെ കാൽനടയായി സഞ്ചരിച്ചാണ് കോളനിയിലെത്തിയത്. ഇവിടേക്ക് റോഡ് നിർമിക്കാൻ വനം വകുപ്പിന്റെ നടപടികളാണ് തടസമായി നിന്നതെന്ന് നേരത്തെ കോളനിവാസികൾ ആരോപിച്ചിരുന്നു.എന്നാൽ റോഡ് നിർമാണത്തിന് വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് കോളനി സന്ദർശിച്ച സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആനന്ദ് പറഞ്ഞു.
റോഡ് നിർമാണത്തിനുള്ള എസ്റ്റിമേറ്റ് ഒരാഴചക്കകം തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്. വനം വകുപ്പിന്റെ അനുമതി കൂടി വാങ്ങിയ ശേഷം ജില്ലാ കളക്ടർ ഉൾപ്പെടെ അംഗമായിട്ടുള്ള ട്രൈബൽ ഡിപ്പാർട്ട്മെന്റിന്റെ ജില്ലാതല വർക്കിംഗ് ഗ്രൂപ്പ് അംഗീകരിച്ച ശേഷം പദ്ധതി സർക്കാരിന് സമർപ്പിക്കും.
കണ്ണവം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ആനന്ദ്, ബി.ഡി.ഒ.എ.പി.രമേശൻ, ബ്ലോക്ക് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ടി.കെ.സജിത, പാട്യം പഞ്ചായത്ത് എൻജിനിയർ പ്രണാം, വാർഡ് മെമ്പർ രതീശൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് കോളനി സന്ദർശിച്ചത്.