കാഞ്ഞങ്ങാട്: വ്യാപാരിയെ അക്രമിച്ച് പണം കവർന്നെന്ന പരാതിയിൽ യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവം കെട്ടിച്ചമച്ചതാണെന്ന പരാതിയുമായി കുടുംബാംഗങ്ങൾ രംഗത്ത്.
ഈ മാസം 19ന് രാത്രി എട്ടോടെ പലചരക്ക് വ്യാപാരി രാവണീശ്വരത്തെ പി. കുഞ്ഞിരാമനെ (54) അക്രമിച്ച് 3,000 രൂപ തട്ടിയെടുത്തെന്നാണ് പരാതി.
സംഭവത്തിൽ ചിത്താരി ഒറവങ്കരയിലെ ഒ. റിസ്വാന് (23), രാവണേശ്വരത്തെ സുചിന് സുകുമാരന് (25) എന്നിവരെ 20 ന് ഉച്ചയോടെ അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ മുൻവൈരാഗ്യം തീർക്കാൻ കുഞ്ഞിരാമന്റെ ബന്ധുവായ സിപിഎം ചിത്താരി ലോക്കൽ കമ്മിറ്റിയംഗവും ബാങ്ക് ജീവനക്കാരനുമായ പി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കെട്ടിച്ചമച്ചതാണെന്ന് സുചിന്റെ അമ്മ ചിന്താമണിയും സഹോദരി സുമയയും പത്രസമ്മേളനത്തിൽ ആരോപിച്ചു.
സംഭവദിവസം രാത്രി സുചിനും റിസ്വാനും മൂന്നു സുഹൃത്തുക്കൾക്കൊപ്പം രാവണീശ്വരം തണ്ണോട്ടെ കല്യാണവീട്ടിൽനിന്നും കാറിൽ മടങ്ങിവരികയായിരുന്നു.
തണ്ണോട്ടെ കുഞ്ഞിരാമന്റെ കടയുടെ സമീപത്തെത്തിയപ്പോൾ ഇയാൾ മദ്യലഹരിയിൽ റോഡിന്റെ നടുവിലായി നിൽക്കുകയായിരുന്നു.
റോഡിൽനിന്നും മാറാൻ ആവശ്യപ്പെട്ടതോടെ അതിന് തയാറാകാതെ അസഭ്യം പറഞ്ഞതോടെ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി.
പിറ്റേദിവസം തന്നെ ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഐപിസി 392 (കവർച്ച) വകുപ്പ് പ്രകാരമാണ് ഇവർക്കെതിരേ കേസെടുത്തിട്ടുള്ളത്. ജാമ്യം കിട്ടാത്ത ഈ വകുപ്പിൽ കുറ്റം തെളിഞ്ഞാൽ പത്തുവർഷം വരെ കഠിനതടവ് ലഭിക്കാം.
മർച്ചന്റ് നേവിക്കാരനായ സുചിന് ഒരു വർഷം മുന്പാണ് വിദേശ കപ്പലിൽ ജോലി ലഭിക്കുന്നത്.
ജോലി കിട്ടിയശേഷം ആദ്യമായാണ് ഒരു മാസം മുന്പ് അവധിക്ക് നാട്ടിലെത്തിയത്. മാസം ഒരുലക്ഷം രൂപ ശന്പളം ലഭിക്കുന്ന തന്റെ മകന് 3,000 രൂപ മോഷ്ടിക്കേണ്ട കാര്യമില്ലെന്ന് ചിന്താമണി പറയുന്നു.
ഒരു വർഷം മുന്പ് കോവിഡ് വ്യാപനവേളയിൽ സുചിന്റെ തണ്ണോട്ടെ ബന്ധുവിന് കുഞ്ഞിരാമന്റെ കടയിൽനിന്നും സാധനം നൽകാത്തതുമായ ബന്ധപ്പെട്ട് തർക്കമായിരുന്നു.
ആ പ്രദേശത്ത് കോവിഡ് വ്യാപനമുള്ളതിനാൽ സാധനം നൽകാനാവില്ലെന്ന് പറഞ്ഞ് കുഞ്ഞിരാമൻ വന്നയാളെ മടക്കിഅയച്ചു.
സുചിൻ കടയിലെത്തി ഇത് ചോദ്യം ചെയ്തതോടെ വാക്കുതർക്കമായി. സുചിനെ കേസിൽ കുടുക്കുമെന്ന് അന്ന് കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയതായി ചിന്താമണി പറയുന്നു.
സിപിഎമ്മിനെതിരേ റിസ്വാൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റും പാർട്ടിയുടെ വിരോധത്തിന് കാരണമായി. ഇത് രണ്ടുമാണ് ഇവരെ കേസിൽ കുടുക്കാൻ കാരണമെന്നും ഇവർ ആരോപിക്കുന്നു.
പാർട്ടിഗ്രാമമാണ് രാവണീശ്വരവും പരിസരപ്രദേശങ്ങളും. പ്രതികളും പരാതിക്കാരുമെല്ലാവരും സിപിഎം അനുഭാവികളാണ്. പ്രശ്നം പാർട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും അവരും കൈയൊഴിയുകയായിരുന്നു.
സുചിന്റെ അച്ഛൻ വർഷങ്ങൾക്ക് മുന്പ് മരണപ്പെട്ടു. അനുജത്തിയുടെ ഭർത്താവ് ഒരു മാസം മുന്പാണ് പാലക്കുന്നിലെ ഒരു കെട്ടിടത്തിൽ വയറിംഗ് ജോലി ചെയ്യുന്പോൾ ഷോക്കേറ്റ് വീണുമരിച്ചത്.
സുചിന്റെ വരുമാനമാണ് ഈ കുടുംബത്തിന്റെ ഉപജീവനമാർഗം. കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ് സുചിന്റെ കുടുംബാംഗങ്ങൾ.