ചെറുപുഴ: വീട്ടുമുറ്റത്ത് ഭൂമി താഴ്ന്ന് വലിയ കുഴി രൂപപ്പെട്ടു. ചെറുപുഴ പഞ്ചായത്തിലെ ഊമല അമ്പലംപള്ളയിലെ മറ്റത്തിനാനിക്കൽ ആന്റണിയുടെ വീട്ടുമുറ്റത്താണ് കുഴി രൂപപ്പെട്ടത്.
കഴിഞ്ഞദിവസം രാത്രിയാണ് ഭൂമി ഇടിഞ്ഞ് താണത്. ഒരു കിണറിന്റെ വിസ്താരത്തിൽ അഞ്ചടിയോളം ഭൂമി താഴ്ന്നിട്ടുണ്ട്.
സോയിൽ പൈപ്പിംഗ് പ്രതിഭാസമാണെന്ന് സംശയിക്കുന്നു. പൈപ്പിംഗ് പ്രതിഭാസമുള്ള കൊട്ടത്തലച്ചി മലയുടെ ഭാഗമായ പ്രദേശമാണിത്.
തെങ്ങും കമുകും ഉൾപ്പെടെ കുഴിയിലേയ്ക്ക് താഴ്ന്നു പോയിട്ടുണ്ട്. ഇതേക്കുറിച്ച് വലിയ പഠനം നടന്നെങ്കിലും തുടർനടപടികൾ ഒന്നുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. വീടിന്റെ പിൻഭാഗത്തെ മുറ്റം ഇടിഞ്ഞ് താണതോടെ വീട്ടുകാർ ആശങ്കയിലായി.