കണ്ണൂർ: വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെയും മകളുടെയും ആറുപവൻ സ്വർണാഭരണങ്ങൾ കവർന്നു.
ചാല പന്ത്രണ്ടുകണ്ടിയിലെ ബദരിയ മൻസിലിലെ മൊയ്തുഹാജിയുടെ ഭാര്യയുടെയും മകളുടെയും സ്വർണാഭരണങ്ങളാണ് കവർച്ചചെയ്തത്. കഴിഞ്ഞദിവസം പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം.
വീടിന്റെ അടുക്കള ഭാഗത്തുള്ള വർക്ക് ഏരിയയുടെ വാതിൽ തള്ളിത്തകർത്ത് അകത്തുകയറിയ മോഷ്ടാവ് കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിൽനിന്ന് അഞ്ചു പവൻ സ്വർണമാലയും തൊട്ടടുത്ത് കിടന്നുറങ്ങുകയായിരുന്ന മകളുടെ കഴുത്തിൽനിന്ന് രണ്ടുപവൻ സ്വർണമാലയുമാണ് കവർന്നത്.
ഇതിനിടെ കഴുത്തിൽനിന്ന് ആരോ മാല പിടിച്ചുവലിക്കുന്നതുപോലെ തോന്നിയ വീട്ടമ്മയും മകളും ഉറക്കമുണർന്ന് എഴുന്നേറ്റ് ലൈറ്റിട്ടു നോക്കിയപ്പോഴാണ് സ്വർണമാല നഷ്ടപ്പെട്ട കാര്യം മനസിലാകുന്നത്.
തുടർന്നു നടത്തിയ പരിശോധനയിൽ മാലയുടെ ഒരുഭാഗം കിടക്കയിൽ കണ്ടെത്തുകയായിരുന്നു. സ്വർണമാലയുടെ ഒരു പവനോളം തൂക്കംവരുന്ന ഭാഗമാണ് കിടക്കയിൽനിന്നും കിട്ടിയത്.
കവർച്ച നടത്തിയ മോഷ്ടാവ് തകർത്ത അതേ വാതിലിലൂടെ പുറത്തേക്ക് ഓടിപ്പോയതായി അന്വേഷണത്തിൽ മനസിലായി.
കണ്ണൂരിൽനിന്നുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എടക്കാട് പോലീസും അന്വേഷണം ആരംഭിച്ചു.