മാവേലിക്കര: തഴക്കരയിൽ വാടകയ്ക്കു താമസിക്കുന്ന യുവതിയുടെ വീടിനുള്ളിൽനിന്നും കാറിൽ നിന്നുമായി 29 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
വാടകയ്ക്കു താമസിച്ചിരുന്ന വീട്ടമ്മയെ അറസ്റ്റും ചെയ്തു. ജില്ലാ ആശുപത്രിക്കു പടിഞ്ഞാറ് വീടിന്റെ താഴത്തെ നിലയിൽ വാടകയ്ക്കു താമസിക്കുന്ന കായംകുളം ചേരാവള്ളി തയ്യിൽ തെക്കേതിൽ നിമ്മിയെ(32) ആണു പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ ഗുണ്ടാ നേതാവ് പുന്നമ്മൂട് പോനകം എബനേസർ പുത്തൻവീട്ടിൽ ലിജു ഉമ്മനെ (40 ) ഒന്നാം പ്രതിയാക്കിയാണു പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലിജു ഉമ്മൻ ഒളിവിലാണെന്നു പോലീസ് പറഞ്ഞു.
രഹസ്യ വിവരത്തെ തുടർന്നു ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് ആണു റെയ്ഡ് നടത്തിയത്.
വീടിനുള്ളിൽനിന്നും മുറ്റത്തുണ്ടായിരുന്ന സ്കോഡ കാർ എന്നിവയിൽ നിന്നുമായി 29 കിലോഗ്രാം കഞ്ചാവ്, മൂന്നുപ്ലാസ്റ്റിക് കുപ്പികളിലായി നാലര ലീറ്റർ ചാരായം, രണ്ടു കന്നാസുകളിലായി 30 ലിറ്റർ കോട, വിവിധ സഞ്ചികളിലായി 1785 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ, വീടിന്റെ അടുക്കളയിൽ നിന്നു വാറ്റുപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തു.
ലിജു ഉമ്മന്റെ നേതൃത്വത്തിൽ കഞ്ചാവും മറ്റും വീട്ടിൽ ശേഖരിച്ച ശേഷം ആവശ്യാനുസരണം വിവിധ സ്ഥലങ്ങളിൽ നിമ്മി എത്തിച്ചു കൊടുക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
പോലീസ് റെയ്ഡിനെത്തുന്പോൾ നിമ്മിയുടെ എട്ടുവയസുള്ള മകനും നാലുവയസുള്ള മകളും വീട്ടിലുണ്ടായിരുന്നു.
ഇവരെ നിമ്മിയുടെ ബന്ധുവിനു പോലീസ് കൈമാറി. മാന്നാർ സിഐ എസ്. ന്യൂമാൻ, മാവേലിക്കര എസ്ഐ എബി പി. മാത്യു, എസ്ഐ കെ.കെ. പ്രസാദ്, ജില്ലാ പോലിസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ എസ്ഐമാരായ വൈ. ഇല്യാസ്, സന്തോഷ് കുമാർ, സീനിയർ സിവിൽ പോലിസ് ഓഫിസർമാരായ സിനു വർഗീസ്, പ്രതാപചന്ദ്രമേനോൻ, എം. പ്രസന്നകുമാരി, സിവിൽ പോലിസ് ഓഫീസർമാരായ ഹരികൃഷ്ണൻ, മുഹമ്മദ് ഷാഫി, ഗിരീഷ് ലാൽ, ശ്രീകുമാർ, ജി. ഗോപകുമാർ എന്നിവരാണു റെയ്ഡിനു നേതൃത്വം നൽകിയത്.