ചെറുവത്തൂർ(കാസർഗോഡ്): പിതാവിനേയും രണ്ട് മക്കളേയും വീടിനകത്തും പുറത്തുമായി മരിച്ച നിലയിൽ കണ്ടെത്തി.
ചെറുവത്തൂർ കാടങ്കോട് സ്റ്റാന്റിൽ ഓട്ടോ ഡ്രൈവറായ പിലിക്കോട് മടിവയലിലെ കിഴക്കേരരാട്ടുമ്മൽ രൂകേഷ്(37), മക്കളായ പിലിക്കോട് ഗവ. യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി
വൈദേഹി(10), ഒന്നാം ക്ലാസിൽ പഠിക്കുന്ന ശിവനന്ദ്(ആറ്)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രൂകേഷ് വീടിന്റെ തെക്ക് ഭാഗത്ത് കോൺക്രീറ്റിൽ കയറിൽ തൂങ്ങി മരിച്ച നിലയിലും മക്കൾ രണ്ട് പേരും വീടിന്റെ ഹാളിലും മരിച്ച നിലയിലുമാണ് കണ്ടത്.
വൈദേഹിയുടെ പിറന്നാൾ തിങ്കളാഴ്ചയായിരുന്നു. ഇതിന് മുന്നോടിയായി ഭാര്യ സബിയയുടെ പെരിയയിലുള്ള വീട്ടിൽ നിന്നും മക്കളെ പിലിക്കോട്ടേക്ക് കൊണ്ടുവന്നിരുന്നു.
ഇവർ പുതുതായി നിർമിക്കുന്ന വീട്ടിലേക്ക് ഇന്നലെ വൈകുന്നേരം മക്കളുമായി വന്നതായി ബന്ധുക്കൾ പറഞ്ഞു.
മടിവയലിലെ കെ.ആർ.പുരുഷോത്തമന്റേയും കെ.വി.നാരായണിയുടേയും മകനാണ് മരിച്ച രൂകേഷ്. സഹോദരങ്ങൾ: ശ്രീജ, ഷിബു, ഷീബ, നിഷ, ഷിജു, ഉമേഷ്. ജില്ലാ പോലീസ് മേധാവി സ്ഥലത്തെത്തി. തഹസിൽദാർ എത്തിയ ശേഷം മേൽ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.