കോട്ടയം: ഭാവന ഉണരാൻ ബ്രെയിൻ ബൂസ്റ്ററുമായി കഞ്ചാവ് സംഘം സിനിമാക്കാരുടെ പിന്നാലെ. ജില്ലയിൽ സിനിമാ ഷൂട്ടിംഗ് കൂടിയതോടെയാണ് കഞ്ചാവ് സംഘം സിനിമാക്കാരുടെ പിന്നാലെ കൂടിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബ്രെയിൻ ബൂസ്റ്ററുമായി സഹസംവിധായകനെ കാണാനെത്തിയ യുവാവിനെ ഈരാറ്റുപേട്ടയിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു.
ഇയാളിൽ നിന്ന് ഒന്നരക്കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസങ്ങളിലായി ഈരാറ്റുപേട്ടയിൽ നിന്ന് രണ്ട് കഞ്ചാവ് സംഘങ്ങളെയാണ് പോലീസ് പിടികൂടിയത്.
തൊടുപുഴ, ഈരാറ്റുപേട്ട, വാഗമണ്, ഇലവീഴാപൂഞ്ചിറ തുടങ്ങിയ പ്രദേശങ്ങൾ സിനിമാ ഷൂട്ടിംഗിന് സ്ഥിരം വേദിയായതോടെയാണ് ബ്രെയിൻ ബൂസ്റ്ററുമായി സംഘം സജീവമായത്.
സിനിമാ പ്രവർത്തകരായ യുവാക്കളാണ് ഇവരുടെ ഇടപാടുകാർ. സിനിമാക്കാരെ ലക്ഷ്യംവച്ചു ബ്രെയിൻ ബൂസ്റ്ററുമായി സംഘം സജീവമാകുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ പരിശോധന. സഹസംവിധായകർ എന്ന വ്യാജേന ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയായിരുന്നു കഞ്ചാവ് സംഘത്തെ പോലീസ് കുടുക്കിയത്.
അർധരാത്രിയിൽ സ്കൂട്ടറിലെത്തിയ സംഘത്തിലൊരാളെ അതിസാഹസികമായി പിന്തുടർന്നാണ് ഇന്നലെ പുലർച്ചയോടെ പിടികൂടിയത്.
മീനച്ചിൽ താലൂക്കിൽ മൂന്നിലവ് ഇലവുമാക്കൽ കാപ്പിരി അനീഷ് (23) ആണ് ഇന്നലെ പിടിയിലായത്. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ നിന്ന് കഞ്ചാവും ലഹരി മരുന്നുമായി നാൽവർസംഘത്തെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
നടയ്ക്കൽ വടക്കേടത്ത് അഹസ് (27), തലപ്പലം കിഴക്കേവീട്ടിൽ വിഷ്ണു(25), മന്തക്കുന്ന് പറന്പുകാട്ടിൽ ഷാഹുമോൻ(27) മേലടുക്കം കരയിൽ ഇല്ലിക്കൽക്കല്ല് കൊച്ചേട്ടൊന്നിൽ ജോയി എന്നിവരാണു കഴിഞ്ഞ ദിവസം പിടിയിലായവർ.
ഇവരിൽ നിന്ന് ഒരു കിലോയോളം ഉണക്ക കഞ്ചാവ്, 180 മില്ലിഗ്രാം എംഡിഎംഎ എന്നിവ പിടികൂടി. ഇതിനുപുറമേ മൊബൈൽ ഫോണുകളും രണ്ടു കാറുകളും ഒരു ബൈക്കും പിടിച്ചെടുത്തു.
ഇല്ലിക്കൽക്കല്ല്, കുറ്റിലംപാറ, അരുവിത്തറ കോളജ് ജംഗ്ഷൻ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടയിൽ കോളജ് പടി ജംഗ്ഷനിൽ വച്ചാണ് സംഘം പിടിയിലായത്.
സുഹൃത്തിന്റെ കല്യാണ പാർട്ടിക്ക് എറണാകുളത്ത് നിന്ന് എത്തിച്ച ലഹരി മരുന്നാണ് ഇവരുടെ കാറിൽ നിന്ന് പിടിച്ചെടുത്തത്. പ്രതികളെ അറസ്റ്റ് ചെയ്ത്, കാർ കസ്റ്റഡയിലെടുത്തു.
വിനോദ സഞ്ചാര കേന്ദ്രമായ കുറ്റിലംപാറയിൽ എത്തുന്ന യുവാക്കൾ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന പരാതിയിലായിരുന്നു പോലീസിന്റെ പരിശോധന.