പ്രദീപ് ഗോപി
കുട്ടികളുടെ സംരക്ഷണത്തിനായി നിയമങ്ങളും കാവലുകളും ശക്തമാവുമ്പോഴും കാണാതാകുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണ്.
കേരളത്തില്‍നിന്ന് ഓരോ ദിവസവും കാണാതാകുന്നത് ശരാശരി മൂന്ന് കുട്ടികളെയാണെന്നു പോലീസിന്റെ കണക്കുകൾ. കാണാതാകുന്ന കുട്ടികളിൽ ഭൂരിപക്ഷം പേരെയും കണ്ടെത്താറുണ്ട്.
2016ൽ 157 കുട്ടികളെയാണ് കേരളത്തിൽ നിന്നു കാണാതായത്. 2017ല്‍ 184 കുട്ടികളെയാണ് കാണാതായതെങ്കിൽ, 2018ല്‍ കാണാതായ കുട്ടികൾ 205 ആയി.
2019 എത്തിയപ്പേഴെക്കും ഇത് 280 ആയി ഉയർന്നു ഉയര്‍ന്നു. 2020ൽ 200 കുട്ടികളെ കാണാതായി. 2021 നവംബർ വരെ കാണാതായത് 152 കുട്ടികളെയാണ്. അനൗദ്യോഗിക കണക്കുകള്‍ വേറെ.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കാണാതാകുന്ന കുട്ടികളില്‍ 60 ശതമാനം പേരെയും കണ്ടെത്താറുണ്ട്. വീട്ടിലെ സംഘര്‍ഷം, തട്ടിക്കൊണ്ടുപോകൽ, ഭിക്ഷാടനത്തിനായി ഉപയോഗിക്കൽ,
ലൈംഗികാക്രമണം, ബാലവേല, മാനസികപ്രശ്നങ്ങൾ, ദാരിദ്ര്യം, സ്കൂളിലെ പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് കുട്ടികളെ കാണാതാകുന്നതിനു പിന്നിലുള്ള പ്രധാന കാരണങ്ങൾ.
ഈ കുട്ടികള്‍ പലരും ചെന്നെത്തുന്നത് ഭിക്ഷാടന മാഫിയയുടെ കൈകളിലും ബാലവേല ഏജന്റുമാരിലും മയക്കുമരുന്ന് സംഘങ്ങളിലും സെക്സ് മാഫിയ സംഘങ്ങളിലും മറ്റ് കുറ്റകൃത്യങ്ങളിലേർപ്പെടുന്ന സംഘങ്ങളിലുമാണ്. പീഡനത്തിരയായി മരിക്കുന്ന കുരുന്നുകൾ വേറെയും.
മുന്നിൽ ആൺകുട്ടികൾ
ആണ്‍കുട്ടികളാണ് വീടു വിട്ടിറങ്ങുന്നതിന് മുമ്പിൽ. കാണാതാകുന്ന സംഭവത്തിനു പുറമേ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളും ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
രാജ്യത്തൊട്ടാകെ കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ അഞ്ചിരട്ടിയായാണ് വര്‍ധിച്ചത്.
അതേസമയം, വ്യാജ സന്ദേശങ്ങളും പെരുകുകയാണ്. കാണാതാകുന്ന കുട്ടികള്‍ എന്ന പേരില്‍ ആളുകളില്‍ ഭീതി ജനിപ്പിക്കുന്ന പ്രചാരണത്തിന് അടിസ്ഥാനമൊന്നുമില്ലെന്ന് പോലീസ് പറയുന്നു.
സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരം പ്രചാരണം വ്യാപകമാണ്. കുട്ടികളെ കാണാതാകുന്നു എന്ന പേരില്‍ നിരവധി വ്യജ സന്ദേശങ്ങള്‍ പ്രചരിക്കാറുണ്ട്.
ഇങ്ങനെ വ്യാജന്മാര് പെരുകുമ്പോൾ, യാഥാര്‍ഥ സംഭവങ്ങളുടെ വിശ്വാസ്യത നഷ്ടമാകുന്നു.
കാണാതാകുന്ന കുട്ടികളുടെ വിവരങ്ങള്‍ പോലീസ് trackthemissingchild.gov.inഎന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കുന്നുണ്ട്.
സന്ദേശം വ്യാജമാണോയെന്ന് ഈ വെബ് സൈറ്റില്‍ നിന്ന് പരിശോധിക്കാം. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ ഐടി നിയമപ്രകാരം അഞ്ചുവര്‍ഷത്തിനു മുകളില്‍ തടവുശിക്ഷ ലഭിക്കും.
നമ്മള് മറ്റൊരാള്‍ക്ക് പങ്കുവയ്ക്കുന്ന സന്ദേശങ്ങളുടെ ആധികാരികത ഉറപ്പുവരുത്താന്‍ സ്വയം തയാറാകണം.
വിവിധ പദ്ധതികൾ
കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനും കണ്ടെത്തിയ കുട്ടികളെ തിരിച്ചറിയുന്നതിനുമായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.
ഓപ്പറേഷന് സ്മൈൽ, ഓപ്പറേഷന് വാത്സല്യ, ഓപ്പറേഷന് മുസ്കാന് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
കാണാതായ കുട്ടികളുടെ വിവരങ്ങളും ഫോട്ടോയും പങ്കുവയ്ക്കുന്നതിനായി ഖോയ പായ എന്ന പേരില്‍ ഒരു വെബ്സൈറ്റിനും കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.
കുട്ടികളെ കണ്ടെത്താനുള്ള ദൗത്യത്തില്‍ ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകരുമുണ്ട്. 2015-ല്‍ ആണ് ശിശുക്ഷേമ മന്ത്രാലയം ഖോയ പായ വെബ്സൈറ്റ് ആരംഭിക്കുന്നത്.
കാണാതാകുന്ന കുട്ടികളെക്കുറിച്ചും കണ്ടുകിട്ടുന്ന കുട്ടികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ പൊതുജനങ്ങളുടെ സഹായത്തോടെ പങ്കുവയ്ക്കാനുള്ള പോര്‍ട്ടലാണിത്.
കാണാതാകുന്ന കുട്ടികളെക്കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും ഖോയ പായ എന്ന വെബ്പോര്‍ട്ടലിലോ മൊബൈല്‍ ആപ്പിലോ ലിങ്ക് ചെയ്യാവുന്നതാണ്. കണ്ടുകിട്ടുന്ന കുട്ടികളെക്കുറിച്ചും ഇതേരീതിയില്‍ വിവരങ്ങള്‍ പങ്കുവയ്ക്കാം.
സാമൂഹിക നീതി വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായി നടത്തുന്ന സംരംഭമാണ് ഓപ്പറേഷന് വാത്സല്യ.
പോലീസിന്റയും സാമൂഹിക നീതി വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജില്ലാ ഭരണകൂടം എന്നിവയുടെയും സഹകരണത്തോടെ കാണാതായ കുട്ടികളെ കണ്ടെത്തുകയാണ് ഓപ്പറേഷന് വാത്സല്യയിൽ.
കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് ഓപ്പറേഷന് മുസ്കാൻ.
ഇതില്‍ റൂറല്‍ ജില്ലാ പോലീസ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, തൊഴില്‍ വകുപ്പ്, ചൈല്ഡ്ലൈൻ, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് എന്നിവ സംയുക്തമായാണ് പ്രവര്‍ത്തിക്കുന്നത്. ഒപ്പം കുടുംബത്തിന്റെയും പൊതുസമൂഹത്തിന്റെയും കരുതൽ നമ്മുടെ കുരുന്നുകൾക്കു കൂടിയേ തീരൂ…
(അവസാനിച്ചു)