സ്വന്തം ലേഖകൻ
തൃശൂർ: കന്നിമാസം…നായയും ഒരു ജീവനാണ് എന്നു വിലപിക്കുന്നവർക്കു പോലും കടിയേൽക്കുന്ന കാലം. റോഡുകളിലെ കുണ്ടും കുഴിയുടെയും ആഴമളന്ന് വീടണയുന്ന എല്ലാ ബൈക്ക് യാത്രികരുടെയും ദുരിതകാലം. റോഡിലെ കുഴിയെണ്ണണോ തന്നെ ഓടിച്ച നായകളുടെ എണ്ണമെടുക്കണോ എന്നു ചിന്തിക്കാൻ പോലും സമയമില്ലാതെ ഓരോരുത്തരും ജീവനെ നെഞ്ചോടു ചേർക്കുന്ന മാസം.
ഇനി നാടും നഗരവുമെല്ലാം നായക്കൂട്ടങ്ങളുടെ വലയത്തിലാണ്. അല്പം അശ്രദ്ധ, അതെല്ലാം മറിച്ചേക്കാം. സർക്കാരിന്റെ റോഡ് സുരക്ഷാ ബോധവത്കരണം കുണ്ടും കുഴിയും ട്രാഫിക് സിഗ്നലുകളിലും ഒതുങ്ങുന്ന കാലത്തോളം നായക്കൂട്ടങ്ങളൊരുക്കുന്ന വലിയൊരു പ്രധാന പ്രശ്നം തുടരുക തന്നെ ചെയ്യും.
മനുഷ്യന്റെ ഒരുക്കുന്ന കുരുക്കു മനുഷ്യനു തന്നെ വിനയാകുന്ന സ്ഥിതിവിശേഷം. വളർത്തുനായ്ക്കളും തെരുവുനായ്ക്കളുമെല്ലാം ഇക്കാലയളവിൽ റോഡുകളിൽ വില്ലനാകാറുണ്ട്. എത്രയെത്ര യാത്രക്കാരാണ് നായകളുടെ ആക്രമണത്തിന് ഇരയാകുന്നതെന്നതിനു കണക്കില്ല. ഓരോ നാളും പുലരുന്നത് ഓരോ അപകട വാർത്ത കേട്ടാണ്.
നായ കുറുകെ ചാടി എന്ന നിസാര കാരണത്താൽ കൈയും കാലും ഒടിഞ്ഞു മാസങ്ങളോളം ചികിത്സയിൽ കഴിഞ്ഞവർ നമ്മുടെ നാട്ടിലുണ്ട്. ഇന്നും ഇതിന്റെ പ്രാരാബ്ധങ്ങളുമായി മുടന്തി നീങ്ങുന്നവരുമുണ്ട്. ഇനിയെങ്കിലും നാം ഓർക്കണം….നാടെങ്ങും പെരുകുന്ന നായക്കൂട്ടങ്ങൾക്കു പിന്നിൽ മനുഷ്യന്റെ ശുചിത്വബോധക്കുറവാണെന്നു ചിന്തിക്കേണ്ട കാലം ആതിക്രമിച്ചു കഴിഞ്ഞു.