കാസർഗോഡ്: ഉപ്പളയിലെ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പള സോങ്കാൽ പ്രതാപ് നഗറിലെ അബൂബക്കർ സിദ്ദിഖിനെ(22) കൊലപ്പെടുത്തിയ സംഭവത്തിൽ സോങ്കാൽ സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ അശ്വന്തിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാത്രി 11ഓടെ ഉപ്പള സോങ്കാലിലാണ് സംഭവം. ബൈക്കിലെത്തിയ സംഘം അബൂബക്കർ സിദ്ദിഖിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഒരാൾ കർണാടകയിലേയ്ക്കു രക്ഷപെട്ടതായാണ് സൂചന. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.
’’പ്രദേശത്ത് വ്യാജചാരായ വിൽപന നടത്തുന്നവരാണ് അശ്വന്തും സംഘവും. ഖത്തറിൽ ഹോട്ടൽ ബിസിനസ് നടത്തുന്ന അബൂബക്കർ സിദ്ദിഖ് പത്തു ദിവസം മുന്പാണ് നാട്ടിലെത്തുന്നത്. ചാരായവിൽപനയ്ക്കെതിരെ ഇന്നലെ വൈകുന്നേരം ആറോടെ സിദ്ദിഖ് അശ്വന്തുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് കൊലപാതകം നടക്കുന്നത്. ’’
അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ അബൂബക്കർ സിദ്ദിഖിനെ ഉടൻ തന്നെ നാട്ടുകാർ മംഗളുരു ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികൾ സഞ്ചരിച്ച ബൈക്ക് പോലീസ് കണ്ടെടുത്തു. ഇന്നു പുലർച്ചെ 1.30 ഓടെ മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ആശുപത്രിക്ക് മുന്നിൽ കടുത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
ഇന്നു രാവിലെ 9.30ഓടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം വിദഗ്ധ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. പോസ്റ്റുമോർട്ടത്തിനു ശേഷം വൈകുന്നേരം നാലോടെ കൊണ്ടുവരുന്ന മൃതദേഹം ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, പാലക്കുന്ന്, കാസർഗോഡ്, കുന്പള എന്നിവിടങ്ങിൽ പൊതുദർശനത്തിനുവെയ്ക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമുതൽ മഞ്ചേശ്വരം താലൂക്കിൽ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ കാസർഗോഡ് ഡിവൈഎസ്പി എം.വി.സുകുമാരൻ, കുന്പള സിഐ പ്രേംസദൻ, കോസ്റ്റൽ സിഐ സി.കെ.സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇരുപതംഗസംഘത്തെ അന്വേഷത്തിനു നിയോഗിച്ചിട്ടുണ്ട്. സോങ്കാലിലെ ഫ്രിഡ്ഹസ് നഗർ ബ്രാഞ്ച് മെന്പറും ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗവുമാണ് കൊല്ലപ്പെട്ട അബൂബക്കർ സിദ്ദിഖ്. പരേതനായ അബ്ദുള്ള – ആമിന ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: ആഷിഖ് (ഖത്തർ), ഷാഹിന, ഷിയാദ്.