സ്വന്തം ലേഖകൻ
തൃശൂർ: ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന വ്യത്യസ്തമായ കലാഅവതരണങ്ങൾക്ക് വേദിയൊരുക്കി കാലപ്രാമാണികം തൃശൂരിന്റെ പുതിയ ആസ്വാദനകൂട്ടായ്മയാകുന്നു. മധ്യകേരളത്തിലെ പൂരോത്സവങ്ങൾക്ക് പലതരത്തിലുള്ള പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്ന കാലത്ത് തൃശൂർ ആസ്ഥാനമായി പൂരപ്രേമികൾ ചേർന്ന് രൂപീകരിച്ച പൂരപ്രേമിസംഘത്തിലെ അംഗങ്ങൾ ചേർന്നാണ് കാലപ്രാമാണികം എന്ന പ്രതിമാസ പരിപാടിക്ക് രൂപം നൽകിയത്.
സംസ്ക്കാരിക രംഗത്ത് പുത്തൻ ഉണർവ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാലപ്രാമാണികം രൂപീകരിച്ചതെന്ന് സംഘാടകർ പറഞ്ഞു. തൃശൂരിൽ അധികം പ്രചാരത്തിലില്ലാത്ത പരിപാടികളെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂരിലേക്ക് എത്തിക്കുകയാണ് കാല പ്രാമാണികം പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.
പനമണ്ണ മനോഹരനും സംഘവും നയിച്ച കുറുംകുഴൽ കച്ചേരി, അതിര കിഴക്കുംപാട്ടുകരയുടെ കൈകൊട്ടികളി, അന്പലപുഴ വിജയകുമാറും സംഘവും നയിച്ച സോപാന സംഗീത കച്ചേരി, കാവിൽ ഉണ്ണികൃഷ്ണവാരിയരും സംഘവും നയിച്ച കുടുക്ക വീണ കച്ചേരി, കലാശ്രീ രാമചന്ദ്രപുലവരുടെയും സംഘത്തിന്റെയും തോൽപ്പാവ കൂത്ത്, കേളി കണ്യാർകളി സംഘത്തിന്റെ കണ്യാർകളി എന്നിവയാണ് ഇതുവരെ കാലപ്രാമാണികത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടികൾ.
ആദ്യ പരിപാടി തിരുവന്പാടി ദേവസ്വം ശ്രീപത്മം ഹാളിലും തുടർന്നുള്ള പരിപാടികൾ പാറമേക്കാവ് ദേവസ്വം ഹാളുകളിലുമാണ് നടന്നു വരുന്നത്.കഴിഞ്ഞ ദിവസം കാലപ്രാമാണികത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കണ്യാർകളി തൃശൂരിലെ ആസ്വദാകർക്ക് പുതിയ അനുഭവമായി. പാലക്കാട് ജില്ലയിലെ കിഴക്കൻ പ്രദേശത്ത് അവതരിപ്പിക്കാറുള്ള നാടൻ കലാരൂപമായ കണ്യാർകളി പൂരങ്ങളുടെ നാട്ടിന് പുതുമയുള്ളതായി. കാക്കയൂർ കേളി കണ്യാർക്കളി സംഘമാണ് പരിപാടി അവതരിപ്പിച്ചത്.
ഉത്തരായന രാവുകളിൽ ഭഗവതിക്കാവുകളിലാണത്രെ ഈ കല അരങ്ങേറാറുള്ളത്. തൃശൂരിലെ കണ്യാർകളിയിൽ മൂന്നു പൊറാട്ടുകളാണ് അവതരിപ്പിച്ചത്. പുരുഷൻമാർ പെണ്വേഷം കെട്ടിയതും കൗതുകമായി. വടിത്തല്ലും കാഴ്ചക്കാർക്ക് പുതിയ അനുഭവമായി. തൃശൂർ പൂരപ്രേമി സംഘം രക്ഷാധികാരി ഗോപിനാഥ് കോരന്പത്ത്, ഡോ.ഗിരീശൻ എന്നിവർ ഭദ്രദീപം കൊളുത്തി.
ബൈജു താഴേക്കാട്ട് അധ്യക്ഷനായിരുന്നു. വിനോദ് കണ്ടേം കാവിൽ കണ്യാർകളിയെ പരിചയപ്പെടുത്തി. നന്ദൻ വാകയിൽ, അനിൽകുമാർ മോച്ചാട്ടിൽ എന്നിവർ സംസാരിച്ചു.വരും മാസങ്ങളിൽ വേറിട്ട കലാ അവതരണങ്ങൾ പൂരപ്രേമിസംഘം തൃശൂരിലെ കലാ ആസ്വാദകർക്കായി കാലപ്രാമാണികത്തിലൂടെ അവതരിപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു.