ചാത്തന്നൂർ: എംബിബിഎസ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിൽ വിദ്യാർഥികളുടെ മുൻകൂർ ജാമ്യാപേക്ഷയെ കോടതിയിൽ എതിർക്കുമെന്ന് പോലീസ്.
ആൾമാറാട്ടം, ക്രമക്കേട് തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്സെടുത്തിട്ടുള്ളത്. കണ്ണനല്ലൂർ പോലീസ് പ്രതികളാക്കി കേസെടുത്ത വിദ്യാർഥികൾ മുൻകൂർ ജാമ്യം തേടി കൊല്ലം ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്.
പരീക്ഷാ സെന്ററായിരുന്ന മിയ്യണ്ണൂർ അസീസിയ മെഡിക്കൽ കോളജിൽ നിന്നും ആരോഗ്യ സർവ്വകലാശാലയുടെ മൂന്നാം വർഷ എംബിബിഎസ് പാർട്ട് (അഡീഷണൽ ) പരീക്ഷ എഴുതിയ തിരുവനന്തപുരം സ്വദേശികളായ നബീൽ സാജിദ്, പ്രണവ് ജി.മോഹൻ, കൊല്ലം എഴുകോൺ സ്വദേശി മിഥുൻ ജെംസിൻഎന്നിവർക്കെതിരേ യാണ് കണ്ണനല്ലൂർ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
ഈ മൂന്ന് വിദ്യാർഥികളും പരീക്ഷാ ഹാളിൽ ഇരിക്കവേ ഇവർക്ക് വേണ്ടി പുറത്തിരുന്ന് മറ്റാരോ പരീക്ഷ എഴുതി ഉത്തരക്കടലാസ് തിരുകി കയറ്റി എന്നാണ് കേസ്.
മുഴുവൻ സമയവും പരീക്ഷാ ഹാളിൽ ഉണ്ടായിരുന്നുവെന്നും ആരോഗ്യ സർവ്വകലാശാല കണ്ടെടുത്ത ഉത്തരകലാസിലെ കൈയക്ഷരം തങ്ങളുടെതല്ലെന്നും അതിനാൽ വ്യാജരേഖ ചമച്ചു എന്ന ആരോപണം നിലനില്‍ക്കില്ലെന്നുമാണ് വിദ്യാർഥികളുടെ വാദം.