വടക്കഞ്ചേരി: കായികമികവുകൾ അഭ്യസിച്ച നൂറുക്കണക്കിനു ഉദ്യോഗാർഥികൾ സർക്കാർ ജോലി സന്പാദിച്ച കണ്ണന്പ്രയിലെ കളിസ്ഥലം ഇനി അത്യാധുനിക സൗകര്യങ്ങളോടെ ഉയർന്ന നിലവാരത്തിലാക്കും. വോളിബോൾ, ഫുട്ബോൾ, ഷട്ടിൽ തുടങ്ങിയവയുടെ പരിശീലനം ലോകോത്തര നിലവാരത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദേശീയ നിലവാരത്തിലുള്ള ഗ്രൗണ്ട് സജ്ജമാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡി.രെജിമോൻ പറഞ്ഞു.
പരിശീലനത്തിനായി സംസ്ഥാന, ദേശീയ നിലവാരമുള്ള പരിശീലകരുടെ മേൽനോട്ടത്തിലാകും കുട്ടികളെ പരിശീലിപ്പിക്കുക. ആധുനിക സൗകര്യങ്ങളോടെയുള്ള കളിസ്ഥലം ഏറ്റവും അടുത്തു ലഭ്യമാക്കി ആരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കുകയാണ് ലക്ഷ്യം.
ഇതിനൊപ്പം വിഷരഹിത ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനായി ജൈവ നെൽകൃഷി, പച്ചക്കറി കൃഷി, കോഴി, പശു തുടങ്ങിയ കൃഷികളും തുടങ്ങുന്നതിനു പരിമിതികൾക്കുള്ളിൽനിന്നു പദ്ധതികൾ കൊണ്ടുവരുമെന്നും പ്രസിഡന്റ് അറിയിച്ചു.
ഈ ഗ്രൗണ്ടിൽ കായിക പരിശീലനം നേടി മേഖലയിലെ ആയിരത്തിൽപരം ഉദ്യോഗാർഥികൾ പോലീസ്, വനം, എക്സൈസ്, റെയിൽവേ എന്നിവിടങ്ങളിൽ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. നൂറിൽപരം കുട്ടികൾ ഇപ്പോൾ സംസ്ഥാന പരിശീലകരുടെ മേൽനോട്ടത്തിൽ ഇവിടെ പരിശീലനത്തിന് എത്തുന്നുണ്ട്.
സ്ഥലം എംഎൽഎ കൂടിയായ മന്ത്രി എ.കെ.ബാലന്റെ ശ്രമഫലമായാണ് അവികസിതമായിരുന്ന കണ്ണന്പ്രയെ വികസനത്തിന്റെ പരമോന്നതിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞതെന്നും പഞ്ചായത്ത് പ്രസിഡന്റ് രെജിമോൻ പറഞ്ഞു.