കണ്ണൂർ: നഗരത്തിൽ ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങിയ എട്ടു പേർക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ആറുപേരെ അറസ്റ്റ് ചെയ്തു.
രണ്ടുവാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ഇതോടെ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 132 ആയി. നൂറുപേരാണ് ഇതുവരെ അറസ്റ്റിലായത്. 34 വാഹനങ്ങളും ഇതുവരെ പിടിച്ചെടുത്തു.
വാഹനങ്ങൾ ലോക്ക് ഡൗൺ തീരുന്ന ദിവസം മാത്രമേ തിരിച്ചു നല്കുകയുള്ളൂ. നിരീക്ഷണ നിർദേശം ലംഘിച്ച് പുറത്തിറങ്ങിയ മൂന്ന് പ്രവാസികൾക്കെതിരേ പോലീസ് കേസെടുത്തു.
ഇവരുടെ പാസ്പോർട്ട് റദ്ദ് ചെയ്യുകയും ചെയ്തു. അവശ്യ സർവീസിൽ ഉൾപ്പെട്ടിട്ടും ഗ്യാസ് വിതരണം ചെയ്യാത്ത ഗ്യാസ് ഏജൻസിക്കെതിരേയും പോലീസ് കേസെടുത്തു.അഞ്ജലി ഗ്യാസ് ഏജൻസിക്കെതിരേയാണ് പോലീസ് കേസെടുത്തത്.
ഗ്യാസ് സിലിണ്ടർ ആവശ്യപ്പെട്ടപ്പോൾ ഇവിടെ വന്ന് വാങ്ങണമെന്നും വീട്ടിൽ കൊണ്ടു തരുവാൻ സാധിക്കുകയില്ലെന്നും ഗ്യാസ് ഏജന്റ് പറഞ്ഞതായി വീട്ടമ്മ നൽകിയ പരാതിയിലാണ് കേസ്.
ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്തിൽ കണ്ണൂർ നഗരത്തിൽ വാഹന പരിശോധന കർശനമാക്കിയിരിക്കുകയാണ്.