കോഴിക്കോട്: വയനാട് കണ്ണോത്തുമല ജീപ്പ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കാതെ സംസ്ഥാന സര്‍ക്കാര്‍.
കഴിഞ്ഞ മാസം 25ന് നാടിനെ നടുക്കിയ അപകടത്തില്‍ ഒമ്പത് പേര് മരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണാനന്തര കര്‍മങ്ങള്‍ക്ക് 10,000 രൂപ മാത്രമാണ് അടിയന്തര ധനസഹായമായി പ്രഖ്യാപിച്ചത്.
പരിക്കേറ്റവര്‍ക്ക് അടിയന്തര ധനസഹായം ഇതുവരെ ലഭ്യമായിട്ടില്ല. മരിച്ചവരുടെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര അലംഭാവമാണുണ്ടായിയിരിക്കുന്നത് ടി. സിദ്ദിഖ് എംഎല്‍എ ആരോപിച്ചു.
മന്ത്രിസഭാ യോഗം കഴിഞ്ഞിട്ടും ധനസഹായം പ്രഖ്യാപിച്ചിട്ടില്ല. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് എംഎല്‍എ പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന് അര്‍ഹമായ ധനസഹായം പ്രഖ്യാപിക്കാന്‍ വേഗത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മുസ് ലിം ലീഗും ബിജെപിയും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
മക്കിമല ആറാം നമ്പര്‍ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരിഅക്ക, വസന്ത എന്നിവരായിരുന്നു അപകടത്തില്‍ മരിച്ചത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കമ്പമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളാണ് ജീപ്പിലുണ്ടായിരുന്നത്.