തളിപ്പറമ്പ്: കുറ്റിക്കോല്‍ ശാന്തിനഗര്‍ സ്വദേശിയും മലപ്പുറം എംഎസ്പി ക്യാമ്പ് എസ്ഐയുമായിരുന്ന മനോജ്കുമാറിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ വിദ്യ മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലീസ് ചീഫ്, എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്കി.
ഓഗസ്റ്റ് 19 ന് രാവിലെയാണ് എംഎസ്പി ക്യാമ്പിലെ ക്വാര്‍ട്ടേഴ്സില്‍ മനോജ്കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മേലുദ്യോഗസ്ഥനായ പാലക്കാട് സ്വദേശിക്ക് ലോണെടുക്കുന്നതിന് മനോജ്കുമാര്‍ ജാമ്യം നിന്നിരുന്നു.
എന്നാല്‍ ഇയാള്‍ ലോണ്‍ തിരിച്ചടക്കാതിരുന്നതിനാല്‍ 31 മാസമായി മനോജ്കുമാറിന് ശമ്പളം ലഭിച്ചിരുന്നില്ല.
ഇയാളുടെ ഭാര്യ വീടായ പഴയങ്ങാടിയിലെ വീട്ടിലെത്തി നിരവധി തവണ പ്രയാസം അറിയിച്ചെങ്കിലും ഇക്കാര്യം പറഞ്ഞ് തന്നെ സമീപിച്ചാല്‍ പെന്ഷന് കിട്ടാതെ പിരിയേണ്ടി വരുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ വളരെ പ്രയാസത്തിലായിരുന്നു അദ്ദേഹമെന്നും പരാതിയില്‍ പറയുന്നു.
മനോജ് കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ട ക്യാമ്പിലെ പോലീസുകാര്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയിരുന്നത്. മരണം നടന്ന് നാല്പതാം ദിവസമാണ് മലപ്പുറത്തെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ തന്റെ മൊഴിയെടുത്തതെന്ന് വിദ്യ പറയുന്നു.
മനോജിന് ഡയറിയുണ്ടെന്നും പരിശോധിക്കണമെന്നും അറിയിച്ചെങ്കിലും ഡയറി ഇല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
പിന്നീട് ഡയറി ഉണ്ടെന്ന് അവര്‍ അറിയിച്ചെങ്കിലും ഡയറി ഇതുവരെ തനിക്ക് നല്‍കിയിട്ടില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും നല്‍കിയില്ല.
മനോജ് കുമാറിനെ അപായപ്പെടുത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്നും മേലുദ്യോഗസ്ഥനായ പോലീസുകാരന്റെ ഭീഷണിമൂലം ജീവനൊടുക്കിയതാകാമെന്നും സംഭവത്തില്‍ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.