മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ തുണിയിൽ തേച്ചുപിടിപ്പിച്ച ശ്രമിച്ച സ്വർണം പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 36.12 ലക്ഷം രൂപ വരുന്ന 696 ഗ്രാം സ്വർണം പിടികൂടിയത്.
ഇന്നലെ രാവിലെ ദുബായിൽനിന്നെത്തിയ ഗോ എയർ വിമാനത്തിലെ യാത്രക്കാരനായ കാസർഗോഡ് കുമ്പളയിലെ അബ്ദുൾ നാസറിൽനിന്നാണ് സ്വർണം പിടികൂടിയത്.
സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് അബ്ദുൾ നാസറിന്റെ ബാഗേജ് പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങൾ പത്തു കഷണങ്ങളാക്കി അതിൽ സ്വർണം തേച്ചുപിടിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
ഇതേക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ സ്വർണം പിന്നീട് വേർതിരിച്ചെടുത്തു.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ എൻ.സി. പ്രശാന്ത്, കെ. ബിന്ദു, ഇൻസ്പെക്ടർമാർ നിവേദിത, ജിനേഷ്, വി. രാജീവ്, രാംലാൽ, ഓഫീസ് അസിസ്റ്റന്റ് പി.പി. ലിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.