സ്വന്തം ലേഖകൻ
കണ്ണൂർ: ഒരു പതിറ്റാണ്ടോളം നീണ്ടുനിന്ന വിവാദങ്ങൾക്കൊടുവിൽ നിർമാണം പൂർത്തിയായ കണ്ണൂർ സെൻട്രൽ മാർക്കറ്റ് കെട്ടിടം കാടുകയറി തുടങ്ങി. 16 വർഷമെടുത്താണ് കെട്ടിട നിർമാണം പൂർത്തിയായത്.
ഇപ്പോൾ പകലും രാത്രിയും വ്യത്യാസമില്ലാതെ മദ്യപന്മാരുടെ താവളമായി ഇവിടം മാറിയിരിക്കുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വരാന്തയിൽ കാടുകയറിയ നിലയിലാണ്. സെൻട്രൽ മാർക്കറ്റിൽ കാര്യമായ വ്യാപാരമൊന്നും നടക്കുന്നില്ല. ഒന്നാം നിലയിലെ മത്സ്യമാർക്കറ്റ് മാത്രമാണ് ചെറിയ തോതിലെങ്കിലും നടക്കുന്നത്.
കച്ചവടം ഇല്ലാത്തതിൽ വ്യാപാരികൾ പലരും ഒഴിഞ്ഞുപോയി. ഇവിടെയുള്ള മുറികൾ ലേലത്തിന് പോകാത്തതു കാരണം ഒഴിഞ്ഞ വരാന്തയിൽ രാത്രിയും പകലും മദ്യപന്മാരുടെ താവളമാണ്.
ഒഴിഞ്ഞ മദ്യകുപ്പികൾ, ഭക്ഷണാവശിഷ്ടങ്ങൾ, ഉപയോഗശൂന്യമായ തുണികൾ, ചാക്കുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ എന്നിവ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പലയിടങ്ങളിലായി കൂട്ടിയിട്ടിരിക്കുന്നു. ശുചീകരണ പ്രവൃത്തികൾ നിലച്ചതിനാൽ കെട്ടിടത്തിന്റെ എല്ലാ ഭാഗത്തും മാലിന്യകൂന്പാരമാണ്.
മാർക്കറ്റിലെ പ്രധാന പാർക്കിംഗ് കേന്ദ്രമായി ഇത് മാറിയിരിക്കുകയാണ്. സെൻട്രൽ മാർക്കറ്റിനു മുന്നിലെ അനധികൃത പാർക്കിംഗ് ഗതാഗതകുരുക്കും ഉണ്ടാക്കുന്നുണ്ട്.
വിവാദങ്ങളിൽ മുങ്ങി ഒരു പതിറ്റാണ്ട്
മാറി മാറി വന്ന കോർപറേഷൻ ഭരണസമിതിയുടെ അഭിമാന പദ്ധതിയായിരുന്നു കണ്ണൂർ കാംബസാറിലെ സെൻട്രൽ മാർക്കറ്റ്. എന്നാൽ പുതുമോടി മാറുന്നത് മുന്പ് തന്നെ ശോച്യാവസ്ഥയിലായി.
3.5 കോടി രൂപ ചെലവഴിച്ച് നിർമിച്ച മൂന്ന് നില സെൻട്രൽ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിന് സമർപ്പിച്ചത്. കണ്ണൂർ നഗരത്തിലെ വ്യാപാരികളുടെയും ഉപഭോക്താക്കളുടെ ചിരകാല സ്വപ്നമായിരുന്നു ഇത്.
പഴകി ദ്രവിച്ച കെട്ടിടം പൊളിച്ച് മാറ്റി ആധുനിക രീതിയിലുള്ള കെട്ടിടം നിർമിക്കുന്നതിന് 2000 മേയ് 16ന് ചേർന്ന കോർപറേഷൻ ഭരണസമിതിയാണ് തീരുമാനമെടുത്തത്.
പതിനാറ് വർഷമെടുത്താണ് കെട്ടിട നിർമാണം പൂർത്തിയായത്.
ഇതിനിടയിൽ കോർപറേഷൻ ഭരണം മാറിയും മറിഞ്ഞും വന്നു. പഴയ കെട്ടിടത്തിലെ വ്യാപാരികളെ 2010 ൽ ഒഴിപ്പിച്ച ശേഷം 2011 ലാണ് മാർക്കറ്റിന്റെ നിർമാണ പ്രവർത്തനം പൂർത്തിയാക്കിയത്.
തുക കൂട്ടി, വ്യാപാരികൾ മാറി
സെൻട്രൽ മാർക്കറ്റിന്റെ പുതിയ കെട്ടിടം പണിയുന്നതിനു മുന്പ് 50 ഓളം കടക്കാരാണ് പഴയ കെട്ടിടത്തിൽ കച്ചവടം നടത്തിയിരുന്നത്. കെട്ടിടം പൊളിക്കുന്നതിന് മുന്പ് അന്നത്തെ കോർപറേഷൻ ഭരണസമിതി കച്ചവടക്കാർക്ക് നൽകിയ ഉറപ്പ് ലംഘിച്ചതായി വ്യാപാരികൾ പറയുന്നു.
50 മുറികൾ സംവരണം ചെയ്യുമെന്നും കെട്ടിവയ്ക്കാനുള്ള തുക കുറച്ചുനൽകുമെന്നുമായിരുന്നു കച്ചവടക്കാരും കോർപറേഷനും തമ്മിലുണ്ടാക്കിയ കരാർ.
എന്നാൽ പുതിയ കെട്ടിടത്തിലെ കടകളുടെ ലേലത്തിൽ ഡെപ്പോസിറ്റ് തുകയിൽ വൻ വർധന വരുത്തിയതാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കം. 20 ലക്ഷം രൂപയുടെ മുകളിലാണ് ഡെപ്പോസിറ്റ് തുക.
കൂടാതെ സ്ക്വയർ ഫീറ്റിന് 75 രൂപയുമാണ് കോർപറേഷൻ വില നിശ്ചയിച്ചിരുന്നത്. കടകൾ വാങ്ങുന്നതിന് സംവരണം നൽകാൻ കോർപറേഷൻ തയാറായിട്ടില്ലെന്ന് കാണിച്ച് കച്ചവടക്കാർ കോടതിയെ സമീപിച്ചു.
പഴയ കച്ചവടക്കാർക്ക് സംവരണം നൽകാൻ കോടതി നിർദേശിക്കുകയായിരുന്നു. ഡെപ്പോസിറ്റ് തുകയിൽനിന്ന് 40 ശതമാനം ഇളവ് ലഭിച്ചിട്ടും കച്ചവടക്കാർ മുറിയെടുക്കാൻ തയാറായില്ല.