സ്വന്തം ലേഖകൻ
കണ്ണൂർ: വിരട്ടലും താക്കീതും തല്ലും ഏത്തമിടീക്കലും ഒഴിവാക്കി ലോക്ക് ഡൗൺ ലംഘിക്കുന്നവർക്കെതിരേ കേസെടുക്കുവാൻ കണ്ണൂർ പോലീസ്.
അനാവശ്യമായി പുറത്തിറങ്ങുന്ന മുഴുവൻ പേർക്കെതിരേയും കേസെടുക്കുവാനാണ് പോലീസിന്റെ തീരുമാനം. ജില്ലാ പോലീസ് മേധാവി യതീഷ്ചന്ദ്ര ലോക്ക്ഡൗൺ ലംഘിച്ചവരെ താക്കീത് ചെയ്ത രീതി ഏറെ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് ലോക്ക് ഡൗൺ ലംഘിക്കുന്നവർക്കെതിരേ കേസെടുക്കുവാൻ പോലീസ് തീരുമാനിച്ചത്.
കേസെടുത്താൽ പോലീസിനെതിരേ വിമർശനമുണ്ടാകില്ല. എന്നാൽ, പ്രതിയാക്കപ്പെടുന്ന ആളുകൾക്ക് നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം ആയിരിക്കും. കേസെടുത്താൽ രണ്ടു വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
ഈ കേസിൽ പരാതിക്കാരനും സാക്ഷികളും പോലീസ് ഉദ്യോഗസ്ഥർ തന്നെയായതിനാൽ കേസിൽ ശിക്ഷ ഉറപ്പാണ്. ഏറെക്കാലത്തേക്ക് പോലീസ് ക്ലിയറൻസ്, പാസ്പോർട്ട് എന്നിവ ലഭിക്കില്ല. കേസ് തീർന്നാലും പോലീസ് രേഖയിൽ നിന്ന് പേര് നീക്കികിട്ടാനും പ്രയാസമാകും.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യ ദിനങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം കുറവായിരുന്നു. ആദ്യദിവസങ്ങളിൽ ഇരുന്നൂറിലേറെ കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും ഇന്നലെ അഞ്ചുകേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്.
ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര അടക്കമുള്ള പോലീസുകാർക്കെതിരേ കർക്കശ നടപടിയുടെ പേരിൽ പരാതി ഉയർന്നതോടെയാണ് പോലീസ് പരിശോധന അല്പം കുറച്ചത്. എന്നാൽ, ഇന്നുമുതൽ പരിശോധന കർശനമാക്കാനാണ് നിർദേശം.