കണ്ണൂർ: കോവിഡ് പ്രതിരോധനിയമം ലംഘിച്ച് വിവാഹസൽക്കാരം നടത്തുകയും ഇതേത്തുടർന്ന് സൽക്കാരത്തിൽ പങ്കെടുത്ത മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത സംഭവത്തിൽ നവവരനെതിരേ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു.
മരക്കാർക്കണ്ടി സ്വദേശിയായ യുവാവിനെതിരേയാണ് കേസെടുത്തത്. കഴിഞ്ഞ ഒമ്പതിനാണ് മഞ്ചേശ്വരം സ്വദേശിനിയുമായുള്ള യുവാവിന്റെ വിവാഹം നടന്നത്.
ഇതേത്തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളുമായവർക്കായി ഈ മാസം 11 ന് മരക്കാർക്കണ്ടിയിലെ വീട്ടിൽ സൽക്കാരവും നടത്തി. ചടങ്ങിൽ മഞ്ചേശ്വരത്തുനിന്നുള്ള പത്തുപേരും കോഴിക്കോട് നിന്നുള്ള മൂന്നുപേരുമടക്കം അമ്പതിലേറെ പേർ പങ്കെടുത്തിരുന്നു.
ഇതിൽ കോഴിക്കോടുനിന്ന് പങ്കെടുത്തവരിൽ ഒരാൾക്ക് ആദ്യം കോവിഡ് സ്ഥിരീകരിച്ചു. ഇതിനുപിന്നാലെ വരന്റെ ബന്ധുവിനും സൽക്കാരത്തിൽ പങ്കെടുത്ത പുഴാതി സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പോലീസ് കേസെടുത്തത്.
ഇവരുമായി നേരിട്ടു ബന്ധപ്പെട്ട 55 പേർ ക്വാറന്റൈനിൽ പോയിരിക്കുകയാണ്. സമ്പർക്കത്തിലായ കൂടുതൽ പേരുടെ പട്ടിക തയാറാക്കിവരികയാണ്.
വിവാഹത്തിൽ പങ്കെടുത്തവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മരക്കാർക്കണ്ടി കണ്ടെയ്ൻമെന്റ് സോണാക്കി. ഇവിടെയുള്ള റോഡുകൾ അടച്ചു. വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു.
മരക്കാർക്കണ്ടി പോലീസ് സ്റ്റേഷനു സമീപപ്രദേശങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ സിറ്റിയിലും കടകൾ തുറക്കുന്നതിന് സമയക്രമം നിശ്ചയിച്ചു. പ്രധാന റോഡുകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.