കണ്ണൂർ: ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്ലസ് വൺ വിദ്യാർഥിയെ പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തു. ഒരേ വീട്ടിൽ താമസിക്കുന്ന അവിവാഹിതനായ ഇളയച്ഛൻ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി ആദ്യം മൊഴി നൽകിയത്.
എന്നാൽ, മൊഴിയിലെ വൈരുധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് പെൺകുട്ടിയുടെ വാട്ട്സാപ്പ് സന്ദേശങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സുഹൃത്തായ പ്ലസ്വൺ വിദ്യാർഥിയെ അറസ്റ്റ്ചെയ്തത്.
വയറുവേദനയെ തുടർന്ന് ഡോക്ടറെ സമീപിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയായ വിവരം അറിഞ്ഞത്. മുൻ സഹപാഠിയായ പ്ലസ് വൺ വിദ്യാർഥിയുമായി പ്രണയമായിരുന്നുവെന്നും ഇവരുടെ പ്രണയം വിലക്കിയത് കൊണ്ടാണ് പിതൃസഹോദരനെതിരെ മൊഴി നൽകാൻ പ്രേരിപ്പിച്ചതുമെന്നാണ് പോലീസ് പറയുന്നത്.
പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്കു പോകുന്ന സമയത്ത് സുഹൃത്ത് സ്ഥിരമായി വീട്ടിൽ വരാറുണ്ടായിരുന്നു. പെൺകുട്ടി ഗർഭിണിയായ വിവരം വാട്ട്സ്ആപ്പ് വഴി സുഹൃത്തിനെ അറിയിച്ചതായും പോലീസ് കണ്ടെത്തി.