കുളത്തൂപ്പുഴ: എണ്ണപ്പനതോട്ടത്തിൽ മേയാൻ അഴിച്ച് വിട്ടിരുന്ന കറവ പശുവിൻെറ കാൽ സാമൂഹ്യ വിരുദ്ധരാരോ വെട്ടി മാരകമായ് മുറിവേൽപ്പിച്ചു. കുളത്തൂപ്പുഴ ഡാലി കണ്ടൻചിറ കൊല്ലറകുഴിയിൽ വീട്ടിൽ അനിയൻ എന്നുവിളിക്കുന്ന കെ.എസ് .കുര്യൻെറ പശുക്കളിലൊന്നിനെയാണ് കാലിന് മുറിവേറ്റ് അവശനിലയിൽ കണ്ടൻചിറ ഒായിൽപാം എസ്റ്റേറ്റിനുളളിൽ കണ്ടെത്തിയത്.
തീറ്റതേടി പോയ കന്നുകാലികളിലൊന്ന് രാത്രിയായിട്ടും മടങ്ങി എത്താത്തതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുറിവേറ്റ് രക്തം വാർന്ന് എഴുനേൽക്കാനാവാതെ കിടന്നിരുന്ന പശുവിനെ കണ്ടെത്തിയത്. തുടർന്ന് പിക്കപ്പ് വാൻ വരുത്തി ഇതിനെ എടുത്തുകയറ്റി തൊഴുത്തിലെത്തിക്കുകയായിരുന്നു. പിൻ കാലിൻെറ മുട്ടിന് താഴെ ഞരമ്പുകൾ അറ്റ നിലയിലാണ്.
മൂർച്ചയേറിയ ഏതോ ആയുധം കൊണ്ട് വെട്ടിയാതാകാമെന്നാണ് കുളത്തൂപ്പുഴ വെറ്റിനറി വിഭാഗം അധികൃതർ പറയുന്നത്. എണ്ണപ്പനയുടെ ഒാല അനധികൃതമായ് ശേഖരിച്ച് ചൂല് നിർമ്മിച്ച് വിൽപ്പന നടത്തുന്നവരാണ് സംഭവത്തിന് പിന്നിലെന്നാണ് ഉടമ പറയുന്നത് .കുളത്തൂപ്പുഴ പോലീസിൽ പരാതി നൽകിയെങ്കിലും യാതൊരു അന്വേഷണവും ഉണ്ടായിട്ടില്ലെന്നും അവർ പറയുന്നു.