കൊല്ലം: കഴിഞ്ഞ 28ന് കൊട്ടാരക്കരയിൽ ഉണ്ടായ അനിഷ്ട സംഭവത്തിൽ നിന്ന് മുതലെടുപ്പ് നടത്താനും കലാപമുണ്ടാക്കാനും ശ്രമിക്കുന്ന സാമൂഹിക വിരുദ്ധ ശക്തികൾക്കെതിരെ എല്ലാവിഭാഗം ആളുകളും ജാഗ്രത പാലിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ പ്രസ്താവനയിൽ പറഞ്ഞു.
കൊട്ടാരക്കര യിൽ കന്നുകാലികളെ കയറ്റിവന്ന മിനിലോറിയിലുണ്ടായിരുന്നവരും ഇരുചക്ര വാഹനത്തിൽ വന്ന രണ്ടുപേരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് അടിപിടി ഉണ്ടാക്കുകയും ചെയ്തു. കന്നുകാലികളെ വാഹനത്തിൽ കൊണ്ടുവന്ന ജലാലുദ്ദീൻ, ജലീൽ, സാബു എന്നിവർക്ക് പരിക്കേറ്റിരുന്നു.
ആക്രമണത്തിന് വിധേയരായവരെ ചികിത്സക്കായി ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ആക്രമണം നടത്തിയ ഗോകുൽ, വിഷ്ണു എന്നിവരെ ഉടനടി അറസ്റ്റുചെയ്യുകയും റിമാന്റ് ചെയ്തിരിക്കുകയുമാണ്. ഈ നിസാര സംഭവത്തെ വലുതാക്കി നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ചില തൽപര കക്ഷികൾ പരിശ്രമിക്കുയാണ്.
ഈ സംഭവത്തിന് ദിവസങ്ങൾക്ക് ശേഷം ഒരുസംഘം മുഖംമൂടി ധരിച്ച് പുത്തൂരിൽ ഒരു വീടിനുനേരെ ആക്രമണം നടത്തിയതായി വാർത്തയും വന്നിട്ടുണ്ട്. ഈ നിലയിലുള്ള കുറ്റകൃത്യം ചെയ്തവരെ അടിയന്തിരമായി പോലീസ് അറസ്റ്റ് ചെയ്യണം.
പരസ്പരം നടന്ന ഒരു വാക്കേറ്റത്തിന്റെയും അടിപിടിയുടെയും പേരിൽ കൊട്ടാരക്കരയിൽ ഉണ്ടായ സംഭവം ബോധപൂർവം വഷളാക്കാൻ ശ്രമിക്കുന്നത് സ്ഥാപിത താല്പര്യക്കാരും വർഗ്ഗീയ ശക്തികളുമാണെന്നും തെറ്റായ പ്രചരണങ്ങളിൽ കുടുങ്ങാതെ കലാപത്തിന് ശ്രമിക്കുന്ന വർഗീയ ശക്തികളെ ഒറ്റപ്പെടുത്തണമെന്നും എസ്.സുദേവൻ അഭ്യർഥിച്ചു