കൊല്ലം :ജില്ലയില്‍ കുളമ്പു രോഗപ്രതിരോധ കുത്തിവയ്പ്പ് പദ്ധതിക്ക് ഇന്നു തുടക്കമായി. ജില്ലാതല ഉദ്ഘാടനം തില്ലേരി പള്ളി ഫാമില്‍ രാവിലെ എം മുകേഷ് എം എല്‍ എ നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അധ്യക്ഷയായി.മൂന്നാഴ്ച്ച നീളുന്ന പരിപാടിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെ വീടുകളിലെത്തി ഉരുക്കളെ കുത്തിവച്ച് കാതില്‍ തിരിച്ചറിയല്‍ ടാഗ് പതിപ്പിക്കും. ദേശീയ കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് രോഗനിവാരണയജ്ഞം.
ഓഗസ്റ്റ് 12 ന് അവസാനിക്കുന്ന കാമ്പയിനിലൂടെ ജില്ലയിലെ 1,02,279 പശുക്കള്‍, 5,792 എരുമകള്‍, 969 പന്നികള്‍ എന്നിവയ്ക്ക് പ്രതിരോധ മരുന്ന് നല്‍കും. ഇതിനായി 140 സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും. കാമ്പയിന് വിലയിരുത്തുന്നതിനായി വിജിലന്‍സ് സ്ക്വാഡുകളുമുണ്ട്.
അതിര്‍ത്തിയില്‍ നിന്നുള്ള കാലിക്കടത്ത് തടയുന്നതിന് തെന്മല ചെക്ക്പോസ്റ്റിലെ പരിശോധന കൂടുതല്‍ കര്‍ശനമാക്കും. മറ്റിടങ്ങളില്‍ നിന്ന് ജില്ലയിലേക്കെത്തിക്കുന്ന കാലികള്‍ക്ക് പ്രതിരോധ കുത്തിവെയ്പുകള്‍ നല്കി കാതില്‍ പ്രത്യേക ടാഗുകള്‍ പതിപ്പിക്കുമെന്ന് ഗോരക്ഷ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ കെ കെ തോമസ് അറിയിച്ചു.