മൂവാറ്റുപുഴ: നഗരത്തിൽ അലഞ്ഞു നടക്കുന്ന കന്നുകാലികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. കച്ചേരിത്താഴം, നെഹ്റുപാർക്ക്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലാണ് കന്നുകാലികളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. കൂട്ടമായെത്തുന്നു കാലികൾ കുതറി ഓടുന്നതുമൂലം ഇരുചക്ര വാഹനയാത്രക്കാർക്കാണ് ബുദ്ധിമുട്ട് ഏറെയും. പെട്ടെന്ന് മുന്നിലേക്കുവരുന്നതോടെ വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുന്നത് പതിവാണ്.
നേരത്തെ കാലികളുടെ ശല്യം രൂക്ഷമായതോടെ നഗരസഭ അധികൃതർ പിടികൂടുമായിരുന്നു. ഇത് ഏറെ വിവാദത്തിനും കാരണമായിട്ടുണ്ട്. പിടികൂടി നഗരസഭ കോന്പൗണ്ടിൽ എത്തിക്കുന്ന കാലികളെ ഭരണ-പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തിൽ വരെ ബലമായി അഴിച്ചുകൊണ്ടുപോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഇതേത്തുടർന്ന് നഗരസഭ അധികൃതരും ഇപ്പോൾ കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല. ഇതോടെ ഉടമകൾ കൂട്ടത്തോടെ കാലികളെ നഗരത്തിലേക്ക് അഴിച്ച് വിടുന്ന പ്രവണത വർധിച്ചുവരുകയാണ്. അലഞ്ഞു നടക്കുന്ന കാലികൾ റോഡരുകിൽ നട്ടു വളർത്തിയിരിക്കുന്ന പൂച്ചെടികളും മറ്റും നശിപ്പിക്കുന്നതായും പരാതിയുണ്ട്.
നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ലക്ഷങ്ങൾ ചെലവഴിച്ചു മീഡിയനുകളിൽ നട്ടുവളർത്തിയിരിക്കുന്ന ചെടികളും മറ്റും ഇപ്പോൾ കാലികൾ നശിപ്പിച്ച അവസ്ഥയിലാണ്. യാത്രക്കാർക്കു പ്രശ്നമുണ്ടാക്കി റോഡിൽ നിറയുന്ന കന്നുകാലികളെ മാറ്റാൻ അധികൃതർ തയാറാകണമെന്നാണ് ആവശ്യം.