ചാവക്കാട്: വാതിൽ പൊളിച്ചും പൂട്ട് തകർത്തും ജനൽതുറന്നും മോഷ്ടിക്കുന്നത് ’റിസ്കാണ്’. ഇതെല്ലാം ചെയ്ത് അകത്തു കടന്നുവേണം അലമാര തുറന്ന് പണവും സ്വർണവും മോഷ്ടിക്കാൻ. സ്വർണം പണമാക്കാനും പാടാണ്. വാഹനം മോഷ്ടിക്കാനും പ്രയാസം.
എന്നാൽ കാലികളെ മോഷ്ടിക്കാനും വിറ്റു പണമാക്കാനും റിസ്കില്ല. കൂട്ടത്തിൽ ഒരു കശാപ്പുകാരൻകൂടി ഉണ്ടെങ്കിൽ കാര്യം എളുപ്പമായി. അങ്ങിനെയാണ് നാൽവർസംഘം കന്നുകാലികളെ മോഷ്ടിക്കൽ തൊഴിലാക്കിയത്.
ചാവക്കാട് തീരമേഖലയിൽനിന്ന് കന്നുകാലികളെ മോഷണം പോകുന്നത് അടുത്തകാലത്ത് വർധിച്ചിരുന്നു. തീരമേഖലയിൽ കാലിവളർത്തൽ പലരുടെയും ജീവിതമാർഗമാണ്. അതുകൊണ്ടുതന്നെ കന്നുകാലികൃഷി വ്യാപകമാണ്. എളുപ്പത്തിൽ മോഷണം നടത്തി വിലസിനടക്കാൻ ഇറങ്ങിയതിനിടയിലാണ് കാലിമോഷ്ടാക്കൾ കുടുങ്ങിയത്.
തൊയക്കാവ് സെന്ററിൽ ഇറച്ചിവെട്ട് കട നടത്തുന്ന രായംമരക്കാർ വീട്ടിൽ ജാബീർ (44), പാലപ്പെട്ടി മാലിക്കുളം ഫർഷാദ് (20), കടപ്പുറം തൊട്ടാപ്പ് സുനാമി കോളനി കൂടിയാലി നാഫിൽ 20), തൊട്ടാപ്പ് പുളിഞ്ചോട് ഷഹറൂഫ് (19) എന്നിവരെ സ്റ്റേഷൻ ഓഫീസർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിൽ പിടികൂടിയപ്പോഴാണ് കാലിമോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. പകൽ കച്ചവടക്കാരായി എത്തി വിലപേശി പോയി രായ്രിയിൽ മോഷ്ടിക്കുക.
ഇതിൽ തൊട്ടാപ്പിൽനിന്ന് കാണാതായ കാലികളെ അയൽവാസിയുടെ മോഷണസംഘമാണ് കടത്തിയതെന്ന് അറസ്റ്റിലായപ്പോഴാണ് നാട്ടുകാർ തിരിച്ചറിഞ്ഞത്. കടപ്പുറം തൊട്ടാപ്പ് മണ്ണത്തുംപാടത്ത് ഷൈലൂക്കിന്റെ പശു, തൊട്ടാപ്പ് പുളിഞ്ചോട് തെക്കേപ്പാട്ട് മഠത്തിൽ അബൂബക്കറിന്റെ പോത്ത്, അയൽവാസി കളാന്പി സക്കീറിന്റെ രണ്ടു പോത്ത് തുടങ്ങി ലക്ഷക്കണക്കിന് രൂപ ലഭിക്കാവുന്ന കന്നുകാലികളെ മോഷ്ടിച്ച് വിറ്റു പണമാക്കാൻ നേതൃത്വം നല്കിയത് തൊട്ടാപ്പിലെ കുട്ടിയാലി നാഫിൽ (20), പുളിഞ്ചോട് ഷഹറൂഫ് എന്നിവരാണ്.
മോഷ്ടിച്ച കന്നുകാലികളെ നിസാര വിലയ്ക്ക് ജാബീറിന് കിട്ടും. നല്ല വിലയ്ക്ക് ഇറച്ചി വിൽക്കുകയും ചെയ്യാം. റിസ്കില്ലാത്ത മോഷണം തുടരുന്നതിനിടയിലാണ് എടക്കഴിയൂരിൽ പിടിയിലായത്. ഇതിൽ കശാപ്പ് ചെയ്യാത്ത ഒരു പോത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മറ്റുള്ളവയെ സ്വന്തം ഇറച്ചിക്കടയിലും മറ്റൊരു പോത്തിനെ ചന്തയിലും വിറ്റ് പണമാക്കി സംഘം. നാഫിലാണ് നേതാവ്.
തീരമേഖലയിൽ കാലിമോഷണം വ്യാപകമായപ്പോൾ നാട്ടുകാർ ഉണർന്നു, ഒപ്പം പോലീസും. ചിലർ തൊഴുത്തിനു സമീപം കാമറ സ്ഥാപിച്ചു. എടക്കഴിയൂർ പഞ്ചവടിയിൽ പകൽ പോത്ത് കച്ചവടത്തിന് എത്തിയവർ രാത്രി പെട്ടിഓട്ടോറിക്ഷയുമായി മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.
തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ നാല് പോത്ത്, മൂന്ന് ആട്, ഒരു പശുവിനേയും മോഷ്ടിച്ചതായി പ്രതികൾ സമ്മതിച്ചു. എസ്എച്ച്ഒ സ്ക്വാഡിലെ അംഗങ്ങളായ എസ്ഐമാരായ പി.ലാൽകുമാർ, എ.വി.രാധാകൃഷ്ണൻ, കെ.വി.മാധവൻ, എഎസ്ഐ അനിൽമാത്യു, സിപിഒ ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാലിക്കള്ള·ാരെ കുടുക്കിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും.