കോട്ടയം: കന്നുകാലി സെന്സസിനായി ജില്ലയില് നിയോഗിക്കപ്പെട്ടിരിക്കുന്നതു കുടുംബശ്രീയുടെ 181 പശു സഖിമാര് വീടുകളില് എത്തിത്തുടങ്ങി. മൊബൈല് ആപ്ലിക്കേഷന് സഹായത്തോടെ വീടുകള് തോറും കയറിയിറങ്ങിയാണ് വിവരശേഖരണം നടത്തുന്നത്.
ഒരു വീട്ടില്നിന്നു കന്നുകാലികള്, പക്ഷികള് വളത്തുമൃഗങ്ങള് എന്നിവയുടെ ഇനം, പ്രായം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിശദവിവരങ്ങളും മൃഗസംരക്ഷണ മേഖലയിലെ കര്ഷകര്, വനിത സംരംഭകര്, ഗാര്ഹിക-ഗാര്ഹികേതര സംരംഭങ്ങള്, സ്ഥാപനങ്ങള് എന്നിവയുടെ വിശദവിവരങ്ങളുമാണ് പശുസഖിമാര് ശേഖരിക്കുന്നത്.
തെരുവ് കന്നുകാലികള്, തെരുവുനായ്ക്കള്, നാട്ടാനകള്, അറവുശാലകള്, മാംസസംസ്്കരണ പ്ലാന്റുകള്, ഗോശാലകള് എന്നിവയുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇത്തരത്തില് ശേഖരിക്കുന്ന വിവരങ്ങള് ആപ്ലിക്കേഷനിലുടെ അപ്ലോഡ് ചെയ്യുകയാണ്. ഈ വിവരങ്ങള് ജില്ലാതലത്തില് പരിശോധിച്ചു സംസ്ഥാന തലത്തിലേക്കും ദേശീയ തലത്തിലേക്കും സമര്പ്പിക്കുന്ന രീതിയിലാണ് ക്രമീകരണം.
പ്രത്യേക പരിശീലകർ
കുടുംബശ്രീ മുഖേന തെരഞ്ഞെടുത്തവരില് പരിശീലനം വിജയകരമായി പൂര്ത്തീകരിച്ചവരെയാണ് പശുസഖിമാരായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവര്ക്ക് മൃഗസംരക്ഷണ വകുപ്പ് പരിശീലനകേന്ദ്രം വഴി പ്രത്യേക പരിശീലനം നല്കി എ ഹെല്പ് പരിശീലകരാക്കി മാറ്റിയിട്ടുണ്ട്.
വകുപ്പിന്റെയും കര്ഷകരുടെയും ഇടയിലുള്ള കണ്ണിയായാണ് എ ഹെല്പ് പ്രവര്ത്തകര് ഇടപെടുന്നത്.ഫെബ്രുവരി അവസാനത്തോടെ സെന്സസ് പൂര്ത്തിയാക്കി അന്തിമ വിവരങ്ങളുടെ പട്ടിക പൂര്ത്തിയാക്കാന് സാധിക്കുമെന്നാണ് അധികൃതര് കരുതുന്നത്.ഓരോ കുടുംബശ്രീ പശുസഖിമാരും ഗ്രാമമേഖലയില് 3,000 വീടുകളും നഗരമേഖലകളില് 4,000 വീടുകളും കയറിയിറങ്ങി വിവരങ്ങള് ശേഖരിക്കും.
ഓരോ പശുസഖിമാര്ക്കും മൃഗസംരക്ഷണ വകുപ്പ് വാര്ഡുകള് തിരിച്ചു നല്കിയിട്ടുണ്ട്. പശുസഖി പ്രവര്ത്തകര്ക്കു ഗ്രാമമേഖലയില് ഒരു വീട്ടില്നിന്നു വിവരങ്ങള് ശേഖരിക്കുന്നതിന് എട്ടു രൂപയും നഗരമേഖലയില് ഒന്പതു രൂപയുമാണ് നല്കുന്നത്.