ആലുവ: അനുവദനീയമായതിൽ കൂടുതൽ കന്നുകാലികളുമായി കേരളത്തിലേക്ക് വന്ന തമിഴ്നാട് ലോറി പിടികൂടി. മൃഗപീഡനം തടയല്‍ വിഭാഗ(എസ്പിസിഎ)ത്തിലെ ജില്ലാ അധികൃതര്‍ അധികമായെത്തിച്ച ഒന്‍പതു കന്നുകാലികളെ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ ദേശീയപാതയില്‍ നടത്തിയ പരിശോധനയിൽ അമ്പാട്ടുകാവിനടുത്തുവച്ചാണ് കന്നുകാലികളെ കുത്തിനിറച്ച ലോറി കണ്ടെത്തിയത്.
ഈറോഡില്‍നിന്ന് കരുനാഗപ്പള്ളിയിലേക്കാണ് കന്നുകാലികളെ കൊണ്ടു പോയിരുന്നത്. ചെക്ക്പോസ്റ്റ് രേഖകള്‍ പ്രകാരം ഒരു ലോറിയില്‍ 16 കന്നുകാലികളെ കയറ്റുവാനുള്ള അനുമതിയാണ് ഉണ്ടായിരുന്നത്. പരിശോധനാ സംഘം ലോറിയിൽ 25 കന്നുകാലികളെ കണ്ടെത്തുകയായിരുന്നു. ഇതോടെ അനുമതിയില്ലാതെ കൊണ്ടുവന്ന കന്നുകാലികളെ എസ്പിസിഎ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
മറ്റൊരു ലോറി വരുത്തിയശേഷം ഇവയെ കാക്കനാടുള്ള സന്നദ്ധസംഘടനയുടെ കേന്ദ്രത്തിലേക്ക് മാറ്റി. ലോറി ജീവനക്കാര്‍ക്കെതിരേയും അനധികൃതമായി കന്നുകാലികളെ എത്തിക്കാന്‍ ശ്രമിച്ച ഇറച്ചിക്കച്ചവടക്കാര്ക്കെതിരേയും കേസെടുത്തിട്ടുണ്ട്. എസ്പിസിഎ ഇന്‍സ്പെക്ടര്‍ വിഷ്ണു വിജയന്, ഇന്‍സ്പെക്ടിംഗ് അസിസ്റ്റന്റ് പി.ബി. ഇക്ബാല്‍, സെക്രട്ടറി ടി.ജി. സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.