മണ്ണാർക്കാട്: നിയന്ത്രണങ്ങൾ പാലിക്കാതെ അട്ടപ്പാടിവഴി കേരളത്തിലേക്ക് കന്നുകാലികടത്ത് വ്യാപകമായെന്ന് പരാതി. തമിഴ്നാട്ടിലെ ഫാമുകളിൽ വളർത്തുന്ന കന്നുകാലികളെയും കറവ വറ്റിയ പ്രായമായ പശുക്കളെയുമാണ് കേരളത്തിലേക്ക് കടത്തുന്നത്. കോയന്പത്തൂർ, പല്ലടം, മേട്ടുപാളയം, സത്യമംഗലം, തുടിയല്ലൂർ ഭാഗത്തെ ഫാമുകളിൽനിന്നുള്ള കന്നുകാലികളെ കാരമടയിൽ എത്തിച്ച് ഉൗടുവഴികളിലൂടെ നടത്തികൊണ്ടുപോകുകയാണ് ചെയ്യുന്നത്.
ആനക്കട്ടി ചെക്ക്പോസ്റ്റ് കഴിഞ്ഞ് അരകിലോമീറ്ററോളം ദൂരംതാണ്ടി സംസ്ഥാന അതിർത്തിയിൽ എത്തിയാണ് ഈ ഉൗടുവഴി അവസാനിക്കുന്നത്. ഇതിനാൽ പരിശോധനയെ ഭയക്കേണ്ടതില്ല. തുടർന്ന് അട്ടപ്പാടി ചുരംവഴി മണ്ണാർക്കാട്ടെത്തിച്ച് മലപ്പുറം, നിലന്പൂർ, മഞ്ചേരി, പെരിന്തൽമണ്ണ, പട്ടാന്പി എന്നിവിടങ്ങളിലേക്കും കൊണ്ടുപോകുകയാണ് ചെയ്യുന്നത്.
അട്ടപ്പാടിചുരത്തിൽ വനംവകുപ്പിന്റെയും വില്പനനികുതിയുടെയും ചെക്ക്പോസ്റ്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവിടെയെത്തുന്പോൾ അട്ടപ്പാടിയിലെ കോട്ടത്തറ ചന്തയിൽനിന്നും ലേലത്തിൽ പിടിച്ച അറവുമാടുകളാണിതെന്നു പറഞ്ഞ് ചെക്ക്പോസ്റ്റ് കടത്തുകയാണ് ചെയ്യുന്നത്രതേ.
രേഖകളില്ലാതെ ചെക്ക്പോസ്റ്റിൽ കൈക്കൂലി നല്കിയാണ് പലരും കന്നുകാലികളെ കൊണ്ടുപോകുന്നത്. ആഴ്ചയിൽ നിരവധി ലോഡ് കന്നുകാലികളാണ് അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തുന്നത്.നിലവിൽ അറവുമാടുകളെ അന്യസംസ്ഥാനങ്ങളിൽനിന്നും കൊണ്ടുവരുന്നതിന് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
ഇതുപ്രകാരം കന്നുകാലികൾക്ക് രോഗബാധയില്ലെന്നു ആദ്യം തെളിയിക്കണം. ഇതിനായി സർക്കാർ ചെക്ക്പോസ്റ്റുകളിൽ വെറ്ററിനറി ഡോക്ടറെയും നിയമിച്ചിട്ടുണ്ട്.ഇവർ നല്കുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽവേണം കന്നുകാലികളെയും അറവുമാടുകളെയും കടത്തിവിടേണ്ടത്. നിലവിൽ കോട്ടത്തറ ചന്തയിൽ പ്രധാനമായും വില്പന നടത്തുന്നത് തമിഴ്നാട്ടിൽനിന്നുള്ള കന്നുകാലികളെയാണ്.
കോട്ടത്തറയിൽ ലക്ഷങ്ങളുടെ കച്ചവടം നടക്കുന്നുണ്ടെങ്കിലും നികുതി വെട്ടിച്ചു കടത്തുന്ന കന്നുകാലികളാണ് ഇവയിലേറെയും. ഇത്തരത്തിൽ കന്നുകാലി കച്ചവടം നടത്തുന്നതിന് വൻസംഘം തന്നെ പ്രവർത്തിക്കുന്നു. മണ്ണാർക്കാട്-ചിന്നത്തടാകം റോഡിൽ കന്നുകാലികളുമായി പോകുന്ന നിരവധിപേരെ കാണാനാകും.