കണ്ണൂർ: കണ്ണൂർ സിറ്റിയിൽ കന്നുകുട്ടിയെ പരസ്യമായി അറുത്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ പുതിയ വകുപ്പു കൂടി ചേർത്ത് കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു. വളർത്തു മൃഗങ്ങൾക്കെതിരേയുള്ള പരസ്യമായ ക്രൂരത കാണിച്ച വകുപ്പാണ് ഉൾപ്പെടുത്തിയത്. കന്നുകുട്ടിയെ അറുത്ത വാഹനം ഇന്നലെ സിറ്റി പോലീസ് പിടിച്ചെടുത്തിരുന്നു.
കാട്ടാന്പള്ളിയിൽ വച്ചാണ് കെഎൽ 13 എജി 7625 പിക്കപ് വാൻ കസ്റ്റഡിയിലെടുത്തത്. യുവമോർച്ച ജില്ലാ സെക്രട്ടറിയു പരാതി പ്രകാരം എട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കന്നുകുട്ടിയെ അറുത്ത സംഭവം ദേശീയതലത്തിൽ വിവാദമായിരുന്നു.
തുടർന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിജിൽ മാക്കുറ്റി, യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തിൽ, അഴീക്കോട് മണ്ഡലം പ്രസിഡന്റ് ഷറഫുദീൻ കാട്ടാന്പള്ളി എന്നിവരെ കോൺഗ്രസിൽ നിന്നും കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.
കേസിൽ ഉൾപ്പെട്ട യൂത്ത്കോൺഗ്രസ് പ്രവർത്തകർക്കെതിരേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്കൊരുങ്ങുകയാണ് പോലീസ്. സിറ്റി സിഐ കെ.വി. പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.