തലശേരി: ബലിപ്പെരുന്നാൾ തലേന്ന് ബിടെക് വിദ്യാർഥിയായ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിലെ അഫ്ലാഹ് ഫറാസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ദുരൂഹതയേറുന്നു.സംഭവം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും പ്രതികളെ പിടികൂടാത്ത പോലീസ് നടപടി വിവാദത്തിലേക്ക്.
ഉന്നത ഇടപെടലിലൂടെ പ്രതികളുടെ അറസ്റ്റ് ഒഴിവാക്കാനും മുൻകൂർ ജാമ്യത്തിന് വഴിയൊരുക്കാനും നീക്കം നടക്കുന്നതായും കാറിലുണ്ടായിരുന്ന മറ്റ് നാലുപേരെ കേസിൽ നിന്ന് ഒഴിവാക്കാൻ ശ്രമമുണ്ടെന്നും ആരോപണമുയർന്നിട്ടുണ്ട്.
സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ട് വരണമെന്നും കാറിലുണ്ടായിരുന്ന മറ്റ് നാല് പേരുടെ പങ്ക് കണ്ടെത്തണമെന്നും ഫറാസിന്റെ മാതാവ് ഫാസില അഡ്വ. കെ. വിശ്വൻ മുഖാന്തിരം കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു.
കേസിലെ ഒന്നാം പ്രതിയുടെ മുൻകൂർ ജാമ്യ ഹർജിയിൽ കക്ഷി ചേർന്നു കൊണ്ടാണ് ഫാസില കോടതിക്ക് മുന്നിലെത്തിയിട്ടുള്ളത്. കേസിലെ ഒന്നാം പ്രതി കതിരൂർ ഉക്കാസ്മൊട്ട ഉമ്മേഴ്സിൽ റൂബിൻ (19) സമർപ്പിച്ച മുൻകൂർ ജാമ്യഹർജി നാളെ തലശേരി ജില്ലാ കോടതി പരിഗണിക്കും.
“തന്റെ മകൻ കൊല്ലപ്പെട്ട കേസിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണം. നിയമം കൈയിലെടുത്ത് കൊല്ലാൻ പുറപ്പെട്ട നിലയിലായിരുന്നു പ്രതികൾ വാഹനമോടിച്ചത്.
അപകടത്തിന് തൊട്ടുമുമ്പ് ചിറക്കര ഭാഗങ്ങളിലെ റോഡുകളിലുണ്ടായിരുന്ന സാധാരണക്കാരായ ജനങ്ങൾ ഇവരുടെ വാഹനത്തിനു മുന്നിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
ഭാഗ്യം കൊണ്ട് മാത്രമാണ് ഇവരുടെ വാഹനത്തിനു മുന്നിൽ നിന്നും പലരും രക്ഷപ്പെട്ടത്.ഇരുചക്ര വാഹനത്തിലായിരുന്ന മകന് ഓടി രക്ഷപ്പെടാൻ സാധിച്ചില്ല.
ലഘു ശിക്ഷ മാത്രമേ ലഭിക്കൂവെന്ന ധാരണയുളളതുകൊണ്ടാണ് പ്രതികൾ ഇത്തരത്തിൽ നിയമം കയ്യിലെടുത്ത് വാഹനമിടിപ്പിച്ച് മകനെ കൊലപ്പെടുത്തിയത്. ഇത്തരത്തിലുള്ള പ്രവണത കൂടി വരികയാണ്.
ഗൗരവമായ ഇടപെടൽ ഉണ്ടാകണം. അപകടം നടന്നയുടൻ കാറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചത് ദുരൂഹത വർധിപ്പിക്കുന്നു. പ്രതികൾക്കെതിരേ തെളിവ് നശിപ്പിച്ചതിന് കുറ്റം ചുമത്തണം.
പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുക’ – ഫാസില ഹർജിയിൽ പറയുന്നു.കേസിൽ ഇന്ത്യൻ ശിക്ഷാ നിയമം 304 നരഹത്യക്കാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്.
ഓൾട്ടറേഷൻ നടത്തിയ പെജേറോ കാറുമായി അഞ്ചംഗസംഘം നടുറോഡിൽ നടത്തിയ അഭ്യാസപ്രകടനാണ് ഫറാസിന്റെ മരണത്തിന് കാരണമെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.