തലശേരി: ബിടെക് വിദ്യാർഥിയായ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിലെ അഫ്ലാഹ് ഫറാസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ നരഹത്യക്കേസിലെ പ്രതി ഉക്കാസ് മൊട്ടയിലെ ഉമ്മേഴ്സിൽ ഉമ്മറിന്റെ മകൻ റൂബിന്റെ (19) മുൻകൂർ ജാമ്യ ഹർജിയിൽ വാദം തുടങ്ങി.
ഒരു മാസമായി ഒളിവിൽ കഴിയുന്ന പ്രതിക്ക് ഉന്നത സ്വാധീനമാണുള്ളത്.പോലീസ് ശ്രമിച്ചിട്ടും റൂബിനെ പിടിക്കാൻ സാധിക്കുന്നില്ല.
കോടതിക്ക് മുന്നിലോ പോലീസിന് മുന്നിലോ ഹാജരാകാത്ത പ്രതി നിയമത്തിന് വിധേയനാകുന്ന ആളല്ല, ഇയാൾക്ക് മുൻകൂർ ജാമ്യം നൽകിയാൽ നിയമത്തിന്റെ കൈകളിൽ നിന്നും ഇയാൾ രക്ഷപെടുമെന്ന് ഡിസ്ട്രിക്ട് ഗവ. പ്ലീഡർ ബി.പി. ശശീന്ദ്രൻ കോടതിയിൽ പറഞ്ഞു.
പെരുന്നാൾ തലേന്ന് തിരക്കുള്ള റോഡിൽ രണ്ട് ടയറിൽ വാഹനമോടിക്കുകയാണ് പ്രതി ചെയ്തത്. ഇതിലൂടെ മനുഷ്യ ജീവന് അപകടം വരുമെന്ന് മനസിലാക്കാൻ കഴിയും. പ്രതിക്കെതിരെ 304, 201 വകുപ്പുകൾ പ്രകാരം നരഹത്യയും തെളിവ് നശിപ്പിക്കലും ചുമത്തിയിട്ടുണ്ട്.
ഏഴ് വർഷത്തിലധികം ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണിത്. അതു കൊണ്ട് തന്നെ മുൻകൂർ ജാമ്യത്തിന് അർഹതയില്ല. ടയറുകൾ മാറ്റുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്തിട്ടുള്ള പ്രതിയെ കസ്റ്റഡിയിൽ കിട്ടേണ്ടത് അന്വേഷണത്തിന് അനിവാര്യമാണെന്നും സിനിമ താരം സൽമാൻ ഖാൻ കേസിലെ സുപ്രീം കോടതി വിധികൾ ചൂണ്ടികാട്ടി കൊണ്ട് ബി.പി ശശീന്ദ്രൻ കോടതിയിൽ വ്യക്തമാക്കി. കേസിൽ ഇന്നും വാദം നടക്കും.
കേസിൽ കക്ഷി ചേർന്ന ഫറാസിന്റെ മാതാവിനു വേണ്ടി അഡ്വ.കെ. വിശ്വന്റെ വാദമാണ് ഇന്ന് നടക്കുക. ഇതിനിടയിൽ പ്രതിയെ കണ്ടെത്താൻ ടൗൺ സിഐ കെ. സനൽകുമാറിന്റെ നേതൃത്വത്തിൽ കർണാടകയിൽ പോലീസ് വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കൊല്ലപ്പെട്ട ഫറാസിന്റെ ബന്ധുക്കൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകി. പിണറായിയിലെത്തിയാണ് മുഖ്യമന്ത്രിക്ക് ബന്ധുക്കൾ നിവേദനം നൽകിയത്. പ്രതി റൂബിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.