കണ്ണൂർ: താണയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് റോഡിലേക്ക് തെറിച്ചു വീണ ഐടിഐ വിദ്യാർഥി വാഹനം കയറി മരിച്ചു. കുറ്റ്യാട്ടൂര്‍ കാരാറമ്പിനു സമീപം വിമുക്തഭടൻ ആലത്തുംകുഴി ഹൗസില്‍ പ്രഭാകരന്- പ്രസീത ദന്പതികളുടെ മകൻ അതുൽ (അപ്പൂസ്-20) ആണ് മരിച്ചത്. ഇന്നു പുലർച്ചെ അഞ്ചിന് താണ സെമിത്തേരിക്കു സമീപമായിരുന്നു അപകടം.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് വരികയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. നായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് നായയെ ഇടിച്ചുതെറിപ്പിച്ചു മറിയുകയായിരുന്നു.റോഡിലേക്ക് തെറിച്ചുവീണ അതുലിന്റെ ശരീരത്തിലൂടെ പിന്നിൽനിന്നു വന്ന വാഹനം കയറുകയായിരുന്നു. അതുൽ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
വാഹനം നിർത്താതെ പോവുകയും ചെയ്തു. സ്കൂട്ടറിലുണ്ടായിരുന്ന സല്ലാപ് (20), സിജിൽ (19) എന്നിവരെ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർത്താതെ പോയ വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. പ്രീമിയയാണ് മരിച്ച അതുലിന്റെ ഏക സഹോദരി.