കണ്ണൂർ: ചാല ബൈപ്പാസിൽ ടിപ്പർ ലോറിക്കു പിന്നിൽ ഓമ്നിവാനിടിച്ച് തമിഴ്നാട് സ്വദേശികളായ മൂന്നുപേർ മരിച്ചു. ഇന്നു രാവിലെ 6.30ഓടെയായിരുന്നു അപകടം. തമിഴ്നാട് തെങ്കാശി സ്വദേശികളായ രാമർ (35) , ചെല്ല ദുരൈ (45), കുത്താലിംഗം (70) എന്നിവരാണ് മരിച്ചത്. മലപ്പുറത്ത് നിന്ന് പുതിയതെരുവിലേക്ക് പാറപ്പൊടിയുമായി വരികയായിരുന്ന ടിപ്പർ ലോറിയുടെ പിന്നിലാണ് കണ്ണൂരിലേക്ക് വരികയായിരുന്ന ഓമ്നിവാൻ ഇടിച്ചത്.
അപകടത്തിൽ ഓമ്നിവാനിന്റെ മുൻവശം പൂർണമായി തകർന്നു. മൂന്നുപേർ മാത്രമാണ് ഓമ്നി വാനിലുണ്ടായിരുന്നത്. അപകടസ്ഥലത്തു വച്ചു തന്നെ ഇവർ മരിക്കുകയും ചെയ്തു. വാനിലുള്ളിൽ കുടുങ്ങിക്കിടന്ന മൃതദേഹങ്ങൾ തലശേരിയിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.
മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പോലീസ് ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ തെങ്കാശിയിൽ നിന്നും കണ്ണൂരിലേക്ക് തിരിച്ചിട്ടുണ്ട്.
അപകടത്തെ തുടർന്ന് ചാല ബൈപ്പാസിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. എടക്കാട് എസ്ഐ മഹേഷ് കണ്ടന്പേത്തിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.