മട്ടന്നൂർ: പ്രവാസികളുമായി കൂടുതൽ വിമാനങ്ങൾ എത്താൻ തുടങ്ങിയതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ തിരക്ക്. വീടുകളിലേക്ക് പോകാൻ വാഹനങ്ങൾ ലഭിക്കാതെ വന്നതോടെ മണിക്കൂറോളമാണ് യാത്രക്കാർ കാത്തിരിക്കേണ്ടി വന്നത്.
ഇന്നലെ വിദേശ രാജ്യങ്ങളിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയത് 16 വിമാനങ്ങളിലായി 2840 പേരാണ്. പത്ത് മിനിറ്റ് ഇടവിട്ട് വിമാനങ്ങൾ എത്തിയതിനാൽ പരിശോധനയ്ക്ക് ശേഷം പ്രവാസികൾക്ക് വീടുകളിലേക്ക് പോകാൻ വാഹനം കിട്ടാത്ത അവസ്ഥയായി.
കൂടുതൽ പേർ ഒരുമിച്ച് വന്നതിനാലാണ് വാഹനങ്ങൾ കിട്ടാതെയായത്. ആവശ്യത്തിന് ടാക്സികൾ ഇല്ലാത്തതാണ് പ്രവാസികൾ ബുദ്ധിമുട്ടിലായത്. പിന്നീട് അധികൃതർ ഇടപ്പെട്ട് കൂടുതൽ വാഹനങ്ങൾ എത്തിച്ചാണ് യാത്രക്കാരെ കയറ്റി വിട്ടത്. ഇന്നും 12 വിമാനങ്ങൾ പ്രവാസികളുമായി കണ്ണൂരിൽ ഇറങ്ങും.