സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞെങ്കിലും രാഷ്ട്രീയ പോരാട്ടങ്ങൾ തുടരുന്നു. ഉദ്ഘാടനചടങ്ങിൽ നിന്നും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കിയതിന്റെ വിശദീകരണം നല്കാൻ സിപിഎമ്മും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഒഴിവാക്കിയതിന്റെ രാഷ്ട്രീയഗൂഡാലോചന വിശദീകരിക്കാൻ യുഡിഎഫും രംഗത്തിറങ്ങുകയാണ്.
കണ്ണൂർ വിമാനത്താവളത്തിന്റെ കാര്യത്തിൽ യുഡിഎഫ് സർക്കാർ ഒന്നും ചെയ്തില്ലെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിനു മറുപടി പറയാൻ ഉമ്മൻചാണ്ടിയടക്കമുള്ള യുഡിഎഫ് നേതാക്കൾ മട്ടന്നൂരിൽ വിമാനത്തിൽ പറന്നിറങ്ങും. ഉമ്മൻചാണ്ടിയുടെയൊപ്പം യുഡിഎഫ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി തുടങ്ങിയവരടക്കമുള്ള നേതാക്കൾ ഉണ്ടാകും.
തിരുവനന്തപുരത്ത് നിന്ന് മട്ടന്നൂരിൽ വിമാനം ഇറങ്ങുന്ന യുഡിഎഫ് നേതാക്കൾക്ക് പ്രവർത്തകർ വൻ സ്വീകരണമൊരുക്കും. തുടർന്ന് മട്ടന്നൂരിൽ വൻ പൊതുയോഗം സംഘടിപ്പിക്കും. വിമാനത്താവളത്തിനായി യുഡിഎഫ് സർക്കാർ എന്തൊക്കെ ചെയ്തുവെന്നും യഥാർഥ വസ്തുത എന്താണെന്നും പൊതുയോഗത്തിൽ നേതാക്കൾ വിശദീകരിക്കും.
കണ്ണൂർ വിമാനത്താവളം എൽഡിഎഫിന്റെ കുത്തകയാക്കി മാറ്റിക്കൊണ്ടുള്ള സിപിഎം പ്രചാരണത്തിനെതിരേ യുഡിഎഫ് വൻപ്രചാരണത്തിനാണ് ഒരുങ്ങുന്നത്. 80 ശതമാനം പണി പൂർത്തിയാക്കിയ ഉമ്മൻചാണ്ടി സർക്കാർ റൺവേയിൽ വിമാനം ഇറക്കിയിരുന്നു.
മുൻ മുഖ്യമന്ത്രിമാരെയും മുൻ മന്ത്രിമാരായ കെ.സി. വേണുഗോപാൽ, കെ. ബാബു എന്നിവരെ ക്ഷണിക്കാത്തതിൽ കടുത്ത പ്രതിഷേധം യുഡിഎഫ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഉദ്ഘാടന ചടങ്ങിൽ യുഡിഎഫ് മാറിനിന്നതിൽ ചില ഘടകകക്ഷികൾക്കും എതിർപ്പുണ്ട്. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി നൽകണമെന്നായിരുന്നു ഒരു വിഭാഗം ഇപ്പോൾ പറയുന്നത്.യുഡിഎഫ് സർക്കാർ വിമാനത്താവളത്തെ നിശ്ചലമാക്കിയെന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തിൽ ഉണ്ടാകുമായിരുന്നില്ലെന്നാണ് വിലയിരുത്തൽ.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ക്ഷണിക്കാത്ത നടപടി സിപിഎമ്മിലും ചർച്ചയായിരിക്കുകയാണ്. വി.എസിനെ ക്ഷണിക്കാത്ത നടപടിയിൽ പാർട്ടി കീഴ് ഘടകങ്ങൾക്ക് വിശദീകരണം നൽകേണ്ട ചുമതലയാണ് ഇപ്പോൾ സിപിഎമ്മിനുള്ളത്. ബിജെപിയുടെ കേന്ദ്രമന്ത്രിയടക്കം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ സംസ്ഥാന നേതൃത്വം ഇതിനെ ബഹിഷ്കരിച്ചത് ബിജെപിയിലും ഒരു വിഭാഗത്തിന്റെ എതിർപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.