കണ്ണൂര്‍ വിമാനത്താവളത്തിന്റെ ക്രെഡിറ്റ് തങ്ങള്‍ക്ക് ലഭിക്കുന്നതിനായി എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ പോരടിക്കുമ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമായി പറന്നിറങ്ങാന്‍ പോവുന്നത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആകുമെന്ന് റിപ്പോര്‍ട്ടുകള്‍.
അത് സംഭവിച്ചാല്‍, പ്രവര്‍ത്തന സജ്ജമായ കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനെന്ന ബഹുമതി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കു ലഭിച്ചേക്കും. ഔദ്യോഗിക ഉദ്ഘാടനത്തിനു മുമ്പെ കണ്ണൂര്‍ വിമാനത്താവളത്തില്‍, സ്വകാര്യ വിമാനമിറക്കാന്‍ അനുമതി തേടിയതോടെയാണ് ചരിത്ര നിയോഗവും വിവാദവും അമിത് ഷായെ ഒരുപോലെ കാത്തിരിക്കുന്നത്.
എയര്‍പോര്‍ട്ട് അഥോറിറ്റിയുടെയും കണ്ണൂര്‍ വിമാനത്താവളത്തിന്റെയും അനുമതി ലഭിച്ചാല്‍ അമിത് ഷാ, കണ്ണൂരിലിറങ്ങുന്ന ആദ്യ യാത്രക്കാരനാകും. ബിജെപി ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനത്തിനു ഈമാസം 27നാണ് അമിത് ഷാ കണ്ണൂരിലെത്തുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം കണ്ണൂരിലേക്ക് റോഡ് മാര്‍ഗം വരാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.
എന്നാല്‍ ഇതിനിടെ കണ്ണൂര്‍ വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിച്ചതോടെ ഇവിടെ വിമാനമിറക്കാന്‍ എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കുകയായിരുന്നു. സ്വകാര്യ വിമാനത്തിന്റെ ലാന്‍ഡിങ് എയര്‍ ട്രാഫിക്ക് സര്‍വീസ് ലഭ്യമാക്കാനുള്ള അപേക്ഷയാണ് എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് നല്‍കിയത്.
അതേസമയം, ഉദ്ഘാടനത്തിന് മുമ്പുതന്നെ സ്വകാര്യ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തിലെ അന്തിമ നിലപാട് എയര്‍പോര്‍ട്ട് അഥോറിറ്റിയുടേതാണ്.