കണ്ണൂർ: മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിലെ വിമാനത്താവളത്തിൽ ഉദ്ഘാടനത്തിനു മുന്പേ അമിത് ഷാ പറന്നിറങ്ങി. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ആദ്യത്തെ യാത്രക്കാരനായി ഇതോടെ അമിത് ഷാ മാറി. പ്രത്യേക വിമാനത്തിലാണ് അമിത് ഷാ കണ്ണൂരിലെത്തിയത്.
കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരായ പിണറായിയിലെ ഉത്തമൻ, മകൻ രമിത്ത് എന്നിവരുടെ വീട് അമിത് ഷാ സന്ദർശിക്കും. ഇവരുടെ വീടും പരിസരവും കഴിഞ്ഞദിവസം മുതൽത്തന്നെ സുരക്ഷാവലയത്തിലാണ്. ഇതിനുശേഷം അമിത് ഷാ തിരുവനന്തപുരത്തേക്കു തിരിക്കും. തിരുവനന്തപുരത്തുനിന്ന് വൈകിട്ട് മൂന്നിനു ഹെലികോപ്റ്ററിലാണ് അദ്ദേഹം ശിവഗിരിയിലെത്തുക.
എസ്പിജിക്കുപുറമെ പോലീസിന്റെ കമാൻഡോ വിഭാഗവുമാണ് അമിത് ഷായ്ക്കു സുരക്ഷയൊരുക്കുന്നത്. സായുധ പോലീസിനുപുറമെ നാനൂറോളം പോലീസുകാരെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. സുരക്ഷാകാര്യങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ പോലീസ് മേധാവി ജില്ലയിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെയും കമാൻഡോകളുടെയും യോഗം വിളിച്ചുചേർത്ത് നിർദേശങ്ങൾ നല്കിയിരുന്നു.