കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാൻ ബിജെപി സന്പൂർണ്ണ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ കളളക്കേസിൽ കുടുക്കി ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ചും ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിൻവലിക്കുക, അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക, ശബരിമലയിൽ അയ്യപ്പവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
യോഗം സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. പി.കെ.വേലായുധൻ, എ.പി. ഗംഗാധരൻ, വി. വി. ചന്ദ്രൻ. എ. ദാമോദരൻ, വിജയൻ വട്ടിപ്രം , കെ. രാധാകൃഷ്ണൻ, എൻ.ഹരിദാസ്, കെ. കാർത്തിക , ബിജു ഏളക്കുഴി, എം.കെ.വിനോദ്, എൻ. രതി, ടി.സി.മനോജ്, ജനറൽ സെക്രട്ടറി കെ.കെ.വിനോദ്കുമാർ, സെക്രട്ടറി വി.പി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.