തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയില്‍ നടക്കുന്ന അഴിമതിയും, അനധികൃത നിയമനങ്ങളും പുറത്ത് വരുമെന്ന ഭയം കൊണ്ടാണ് അവിടെ സി എ ജിയുടെ ഓഡിറ്റ് നിഷേധിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ ഈ നടപടിയില്‍ ശക്തമായി പ്രതിഷേധിച്ച് കൊണ്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്കി.സര്‍ക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കൂടി 65 ശതമാനത്തിലേറെ ഓഹരിയുള്ള, മുഖ്യമന്ത്രി അധ്യക്ഷനായ കിയാല്‍ സര്‍ക്കാര്‍ കമ്പനിയല്ല എന്ന വാദം വിചിത്രമാണെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ വിമാനത്താവള കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിശദീകരിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം വസ്തുതാവിരുദ്ധവുമാണ്. 1956 ലെ കമ്പനി നിയമത്തില്‍ സര്‍ക്കാറിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കൂടി 51 ശതമാനത്തില്‍ കൂടുതല്‍ ഓഹരികളുള്ള കമ്പനികളെ ‘ഡീംഡ് ഗവണ്മെന്റ് കമ്പനികള്‍ എന്നാണ് നിര്‍വ്വചിച്ചിരിക്കുന്നത്. ഈ കമ്പനികള്‍ക്ക് സി എ ജി ഓഡിറ്റ് നിര്‍ബന്ധമാക്കിയിട്ടുമുണ്ട്.
2013 ലെ കമ്പനി നിയമത്തിലെ ഭേദഗതിയില്‍ ഈ നിര്‍വചനം ഉള്‍പ്പെടുത്തിയിട്ടില്ലങ്കിലും കേന്ദ്ര കമ്പനി കാര്യവകുപ്പിന്റെ 33/2014 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം 1956 ലെ നിയമത്തിലെ ഡീംഡ് ഗവണ്മെന്റ് കമ്പനിയുടെ നിര്‍വചനത്തില്‍പ്പെടുന്ന കമ്പനികള്‍ക്ക് 2013 നിയമപ്രകാരവും സി എ ജി ഓഡിറ്റ് നടത്തെണമെന്ന് വ്യക്തമായി നിഷ്കര്‍ച്ചിട്ടുണ്ട്. ഇതോടെ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരും കിയാലും ഉയര്‍ത്തുന്ന വാദഗതികള്‍ പൊള്ളയാണെന്ന് തെളിയുകയാണ്.
ഈ വസ്തുതകളെല്ലാം മറച്ചുവച്ചാണ് 2013 കമ്പനി നിയമത്തിലെ ഭേദഗതിയുടെ മറപിടിച്ച് കിയാലില്‍ സിഎജി ഓഡിറ്റ് നിഷേധിക്കാന്‍ സര്‍ക്കാരും വിമാനത്താവള കമ്പനിയും ശ്രമിക്കുന്നത്. മാത്രമല്ല കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിലെ വെബ്സൈറ്റില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയെ സര്‍ക്കാര്‍ കമ്പനിയായും, കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയെ സര്‍ക്കാര്‍ ഇതര കമ്പനിയായും സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.
സി എ ജി ഓഡിറ്റിന് കിയാല്‍ തയ്യാറാണെന്ന് കാണിച്ച് 2018 ജനുവരി 6 ന് അന്നത്തെ കിയാല്‍ മാനേജിങ് ഡയറക്ടര്‍ കത്ത് നല്‍കിയിരുന്നു. ആ കത്തില്‍ കമ്പനി നിയമത്തിലെ 134-ാം വകുപ്പ് പ്രകാരം 2016-17 ല്‍ സി.എ.ജി നിയോഗിച്ച ഓഡിറ്റര്‍മാര്‍ കിയാലില്‍ ഓഡിറ്റ് നടത്തിയിട്ടുണ്ടെന്നും ഇത് ജനുവരി 1 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകരിച്ചിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ട് സി.എ.ജി ക്ക് സമര്‍പ്പിക്കാമെന്നും പറയുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് കണ്ണൂര്‍ വിമാനത്താവള കമ്പനി ഇ.പി ജയരാജന്റെ തിരഞ്ഞെടുപ്പു പരസ്യത്തിന് പണം നല്കിയതും പിണറായി വിജയന്റെ നവകേരള യാത്ര, എൽ.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് എന്നിവയുടെ പരസ്യങ്ങള്‍ക്കു പണം നല്കിയതും നിയമവിരുദ്ധമാണെന്ന് സിഎജി ഇന്സ്പെക്ഷന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. മാത്രമല്ല ഇതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.
ഇത്തരം അഴിമതികളും ധൂര്‍ത്തും കെടുകാര്യസ്ഥതയും അനധികൃത നിയമനങ്ങളും പുറത്തുവരുമെന്ന ഭീതി മൂലമാണോ കിയാലില്‍ സി എ ജി ഓഡിറ്റ് നിഷേധിക്കുതെന്ന സംശയം സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ കമ്പനിയായ കിയാലിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും വ്യക്തതയും ഉറപ്പുവരുത്താന്‍ അവിടെ സി എ ജി ഓഡിറ്റിംഗ് നടത്താന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നു.