മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കാർഗോ കോംപ്ലക്സിന്റെയും കിയാൽ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന്റെയും നിർമാണം പുരോഗമിക്കുന്നു. എയർട്രാഫിക് കൺട്രോൾ കെട്ടിടത്തിനു സമീപത്ത് 5800 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് കാർഗോ കോംപ്ലക്സ് നിർമിക്കുന്നത്. പാസഞ്ചർ ടെർമിനൽ കെട്ടിടത്തിനു മുന്നിലായാണ് 3085 ചതുരശ്ര മീറ്ററിൽ കിയാൽ ഓഫീസിനായി നാലുനിലകെട്ടിടം നിർമിക്കുന്നത്.
മാസങ്ങൾക്കുമുമ്പാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കാർഗോ കോംപ്ലക്സിന്റെയും വ്യവസായ മന്ത്രി ഇ.പി.ജയരാജൻ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന്റെയും നിർമാണപ്രവൃത്തി ഉദ്ഘാടനം ചെയ്തത്. ദീർഘകാല വികസനസാധ്യത കണക്കിലെടുത്താണ് 63000 ടൺ ശേഷിയുള്ള കാർഗോ കോംപ്ലക്സിന്റെ നിർമാണപ്രവൃത്തി ആരംഭിച്ചത്. കണ്ണൂർ, കാസർഗോഡ്, കുടക് ജില്ലകളിൽനിന്നും വടകര മേഖലയിൽനിന്നുമാണ് കാർഗോ വഴി കാർഷികോത്പന്നങ്ങളുടെ കയറ്റുമതിക്ക് സാധ്യതയുള്ളത്.
പഴം, പച്ചക്കറി എന്നിവയുൾപ്പെടെയാണ് കയറ്റുമതി ചെയ്യുക. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ളവ കേടുവരാതെ സൂക്ഷിക്കാനും കയറ്റി അയക്കാനും കോൾഡ് സ്റ്റോറേജ് ഉൾപ്പടെ അത്യാധുനികസൗകര്യങ്ങളോടെയാണ് കാർഗോ കോംപ്ലക്സ് ഒരുങ്ങുന്നത്. വിശാലമായ അന്താരാഷ്ട്ര കാർഗോ സോണിനുപുറമെ ആഭ്യന്തര കയറ്റുമതി-ഇറക്കുമതിക്കായുള്ള പ്രത്യേക വിഭാഗവും കോംപ്ലക്സിലുണ്ടാകും. കാർഗോ കോംപ്ലക്സ് നിർമാണം പൂർത്തിയായാലും വിദേശ വിമാനങ്ങൾ സർവീസ് തുടങ്ങിയാലേ കൂടുതൽ കയറ്റുമതിക്ക് സാധ്യതയുണ്ടാകൂ. കാർഗോ കൈകാര്യം ചെയ്യുന്നതിന് താത്കാലിക സജ്ജീകരണങ്ങളായിട്ടുണ്ട്.
കാർഗോ കോംപ്ലക്സിന്റെ ആദ്യഘട്ടമെന്നനിലയിൽ 1200 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടമാണ് തയാറായത്. തുടക്കത്തിൽ അന്താരാഷ്ട്ര, ആഭ്യന്തര ചരക്കുകൾ ഇവിടെ ഒന്നിച്ചാണ് കൈകാര്യം ചെയ്യുക. അന്താരാഷ്ട്ര കാർഗോ കോംപ്ലക്സിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ഇത് ആഭ്യന്തര കാർഗോ കോംപ്ലക്സാക്കി നിലനിർത്തും.
പൂർത്തിയായ കാർഗോ കോംപ്ലക്സ് കസ്റ്റംസിന്റെ അനുമതി ലഭ്യമാക്കുന്നതിന്റെ ഭാഗമായി പരിശോധനകൾ പൂർത്തിയായിരുന്നു. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, കസ്റ്റംസ്, എയർപോർട്ട് ഇക്കണോമിക് റഗുലേറ്ററി അഥോറിറ്റി തുടങ്ങിയവയുടെ പരിശോധനകളാണു പൂർത്തിയായത്. 5800 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന കാർഗോ കോംപ്ലക്സ് പൂർത്തിയാകുന്നതോടെ മലബാറിലെ വാണിജ്യകേന്ദ്രമെന്നനിലയിൽ ഉയരാൻ കണ്ണൂരിനു കഴിയുമെന്നാണ് പ്രതീക്ഷ.
കാർഗോ കോംപ്ലക്സ് യാഥാർഥ്യമാകുന്നതോടൊപ്പം വിദേശ വിമാനങ്ങൾക്ക് സർവീസിനുള്ള അനുമതികൂടി ലഭിച്ചാൽ വിമാനത്താവളത്തിന്റെ വളർച്ചയ്ക്കും വരുമാനവർധനവിനും സഹായകമാകും. കിയാലിന്റെ ആസ്ഥാനമന്ദിരം, സിഐഎസ്എഫ് ബാരക്ക്, കാർഗോ കോംപ്ലക്സ് എന്നിവയുടെ നിർമാണത്തിനായി 117 കോടി രൂപയ്ക്കാണ് ടെൻഡർ നൽകിയിരുന്നത്. മോണ്ടി കാർലോ കമ്പനിയാണു പ്രവൃത്തി ഏറ്റെടുത്തത്. നിലവിൽ ടെർമിനൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കിയാൽ അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് പൂർത്തിയാകുന്നതോടെ ഇവിടേക്ക് മാറ്റും. വിവിധ ഏജൻസികൾക്കുള്ള ഓഫീസ് സൗകര്യവും പുതിയ മന്ദിരത്തിലുണ്ടാകും.