മട്ടന്നൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് പ്രവാസികളുമായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ആദ്യവിമാനം ഇന്നെത്തും. ദുബായിയില്‍നിന്നുള്ള 180 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 7.10 നാണ് എത്തുക. ഇവരെ കൊണ്ടുവരുന്നതിനുള്ള വിമാനം ഇന്നുരാവിലെ 10.30ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ടു.
കണ്ണൂർ ജില്ലയില്‍നിന്നുള്ള 109 പേര്‍ക്കു പുറമെ കാസര്‍ഗോഡ്-47, കോഴിക്കോട്-12, മലപ്പുറം-ഏഴ്, മാഹി-മൂന്ന്, വയനാട്-ഒന്ന്, തൃശൂര്‍-ഒന്ന് എന്നിങ്ങനെ 180 പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
വിമാനത്തിലെത്തുന്നവരെ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും ക്വാറന്റൈനിൽ അയയ്ക്കുന്നതിനുമായി വിപുലമായ സംവിധാനമാണ് ജില്ലാഭരണകൂടം, പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി സഹകരിച്ചു വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് കിയാല്‍ എംഡി വി. തുളസീദാസ് പറഞ്ഞു.
ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസിനുതാഴെയുള്ള കുട്ടികള്‍, 75ന് മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരെ വീടുകളിലേക്കും അല്ലാത്തവരില്‍ രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലേക്കും അല്ലാത്തവരെ സര്‍ക്കാര്‍ നിരീക്ഷണകേന്ദ്രങ്ങളിലേക്കും അയയ്ക്കുന്നതിനാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
യാത്രക്കാരുടെ സ്ക്രീനിംഗ്, എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍, ബാഗേജ് നീക്കം എന്നിവയ്ക്കു സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും തുളസീദാസ് പറഞ്ഞു. സാമൂഹിക അകലം പാലിച്ചു 20 പേരടങ്ങുന്ന സംഘങ്ങളായാണു യാത്രക്കാരെ വിമാനത്തില്‍നിന്നു പുറത്തിറക്കുക.
തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ പരിശോധന നടത്തും. വിമാനത്തിൽനിന്നു പുറത്തിറങ്ങുന്ന സ്ഥലത്തുതന്നെ ഇതിനായി അഞ്ചു പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. പരിശോധനയില്‍ കോവിഡ് രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേകമായി ഒരുക്കിയ നിരീക്ഷണസ്ഥലത്തേക്കു മാറ്റും.
ഇവരുടെ എമിഗ്രേഷന്‍ നടപടികള്‍ക്കായി പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഇതിനുശേഷം പ്രത്യേക വഴിയിലൂടെ ആംബുലന്‍സില്‍ ഇവരെ ആശുപത്രിയിലെത്തിക്കും. മറ്റുയാത്രക്കാരെ പതിവ് പരിശോധനകള്‍ക്കുശേഷം ഓരോ ജില്ലയ്ക്കുമായി ഒരുക്കിയ പ്രത്യേക ഇരിപ്പിടങ്ങളിലേക്കു മാറ്റും.
ഇവിടെനിന്ന് വീടുകളിലും ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലും മറ്റു ജില്ലകളിലേക്കു പോകേണ്ടവരെ പ്രത്യേക വാഹനങ്ങളിലും യാത്രയാക്കും. ഓരോ ജില്ലകളിലേക്കുമുള്ളവര്‍ക്കായി പ്രത്യേകം കെഎസ്ആര്‍ടിസി ബസുകള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ സ്വന്തം വാഹനത്തിലാണു യാത്രതിരിക്കുക. സ്വന്തമായി വാഹനം ഏര്‍പ്പാട് ചെയ്യാത്തവര്‍ക്ക് പെയ്ഡ് ടാക്സി സൗകര്യവും എയര്‍പോര്‍ട്ടില്‍ ലഭ്യമാണ്. യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകള്‍, ലഗേജുകള്‍ എന്നിവ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളും വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്.