മട്ടന്നൂർ(കണ്ണൂർ): ഗ്രീൻഫീൽഡ് എയർപോർട്ട് എന്ന പേരിനു യോജിച്ച വിധത്തിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഒരുക്കുന്നത് യാത്രക്കാരെ ആകർഷിക്കുന്ന പൂന്തോട്ടം. പൂന്തോട്ടത്തിന്റെയും ലാൻഡ് സ്കേപ്പിംഗിന്റെയും പ്രവൃത്തി ഈ മാസം അവസാനത്തോടെ പൂർത്തിയാകും.
4.5 ലക്ഷം വൈവിധ്യമാർന്ന ചെടികളാണ് വിമാനത്താവള പരിസരത്ത് നട്ടുപിടിപ്പിക്കുന്നത്. പാസഞ്ചർ ടെർമിനൽ കെട്ടിടത്തിനു മുൻവശം, എടിസി കെട്ടിട പരിസരം, ഫയര്സ്റ്റേഷന്റെയും ഇന്ധന സംഭരണ കേന്ദ്രത്തിന്റെയും മുൻവശം, കവാടം വരെയുള്ള റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ചെടികൾ വച്ചുപിടിപ്പിക്കുന്നത്.
കേരളത്തനിമ വിളിച്ചോതുന്ന പലതരം തീമുകളിലാണ് പൂന്തോട്ടങ്ങൾ ഒരുക്കുന്നത്. പൂച്ചെടികൾക്കൊപ്പം പേര, കണിക്കൊന്ന തുടങ്ങിയവയുമുണ്ട്. പുൽത്തകിടി ഒരുക്കുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. ടെർമിനൽ കെട്ടിടത്തിൽ ചുമർചിത്രങ്ങൾക്കൊപ്പം വെർട്ടിക്കൽ ഗാർഡനും യാത്രക്കാരെ ആകർഷിക്കും.
എസ്കലേറ്ററുകൾക്ക് സമീപത്തായാണ് ചുമരിലെ പൂന്തോട്ടം ഒരുക്കിയിട്ടുള്ളത്. ഹരിതഭംഗി പകർന്നു കെട്ടിടത്തിനുള്ളിലും വിവിധ കൃത്രിമച്ചെടികളുണ്ട്.