കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ യാത്ര നടത്താന്‍ എല്‍ഡിഎഫ് നേതാക്കള്‍ക്കും മന്ത്രിമാരുടെ കുടുംബങ്ങള്‍ക്കുമായി സര്‍ക്കാര്‍ ചെലവഴിച്ചത് രണ്ടു ലക്ഷത്തി ഇരുപത്തിയെണ്ണായിരം രൂപ! കണക്കുകള്‍ ഇങ്ങനെ

വടക്കന്‍ കേരളത്തിന്റെ വികസന സ്വപ്‌നങ്ങളുമായി കണ്ണൂരില്‍ നിന്ന് വിമാനം ഉയര്‍ന്നു തുടങ്ങി. കണ്ണൂര്‍ വിമാനത്താവളം ഇനി രാജ്യത്തിന്റെ തന്നെ അഭിമാനമാകുമെന്നും തീര്‍ച്ച. വിഎസ് അച്യുതാനന്ദന്‍ തറക്കല്ലിട്ട്, ഉമ്മന്‍ ചാണ്ടി റണ്‍വേയൊരുക്കി, പിണറായി പൂര്‍ത്തിയാക്കിയ വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസത്തില്‍ അല്ലറ ചില്ലറ കല്ലുകടികളുമുണ്ടായി.

അക്കൂട്ടത്തിലൊന്നാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യയാത്ര നടത്തിയ എല്‍ഡിഎഫ് നേതാക്കളുടെ ടിക്കറ്റ് ചിലവ്. വിമാനത്താവളത്തില്‍ നിന്ന് ആദ്യ യാത്ര നടത്താന്‍ എല്‍ഡിഎഫ് നേതാക്കള്‍ക്കും മന്ത്രിമാരുടെ കുടുംബങ്ങള്‍ക്കുമായി സര്‍ക്കാര്‍ ചെലവഴിച്ചത് രണ്ടു ലക്ഷത്തി ഇരുപത്തിയെട്ടായിരം രൂപയാണെന്ന കണക്കും പുറത്ത് വന്നിരിക്കുകയാണ്.

സര്‍ക്കാര്‍ ഏജന്‍സിയായ ഒഡാപെക് മുഖേനെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ക്ക് കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തത്. അതിഗംഭീരമായ ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മണിക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും തലസ്ഥാനത്തേക്ക് പറന്നത്.

ഒപ്പം കുടുംബാംഗങ്ങളും ഇടതുമുന്നണി നേതാക്കളും സിപിഎം നേതാക്കളുമായ പ്രാദേശിക ജനപ്രതിനിധികളും വിമാനത്തില്‍ കയറി. സിപിഎം സംസ്ഥാന സെക്രട്ടറിക്കും കുടുംബത്തിനും സര്‍ക്കാര്‍ ചിലവില്‍ തന്നെയായിരുന്നു യാത്ര. അറുപത്തിമൂന്ന് പേര്‍ക്കാണ് ഒഡാപെക് ഗോ എയര്‍ വിമാനത്തില്‍ ടിക്കറ്റെടുത്തത്. കഴിഞ്ഞ വ്യാഴ്ചയാണ് ഇത്രയധികം ആളുകള്‍ക്ക് ഗ്രൂപ്പായി ടിക്കറ്റ് ബുക്കിങ് നടത്തിയത്. പലരും വിമാനയാത്ര നടത്താന്‍ വേണ്ടിമാത്രമാണ് തിരുവനന്തപുരത്തേക്ക് പോയത്.

Related posts