മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് മസ്കറ്റിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറിന് ഒമാന്‍ സിവില്‍ വ്യോമയാന പൊതു അഥോറിറ്റി അനുമതി നല്കി. ഫെബ്രുവരി ഒന്നുമുതല്‍ ഗോ എയര്‍ കണ്ണൂര്‍-മസ്കറ്റ് സര്‍വീസ് ആരംഭിക്കും. ആഴ്ചയില്‍ ഏഴു സര്‍വീസുകളായിരിക്കും ഉണ്ടാകുക. 180 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക.
കണ്ണൂരില്‍നിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന വിമാനം ഒമാന്‍സമയം 10.15നാണ് മസ്കറ്റിലെത്തുക. മസ്കറ്റിൽനിന്ന് 11.15ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.15ന് കണ്ണൂരിലെത്തും.മസ്കറ്റിനുപുറമെ കണ്ണൂര്‍-അബുദാബി റൂട്ടിലും ഫെബ്രുവരി ഒന്നുമുതല്‍ ഗോ എയര്‍ സര്‍വീസ് ആരംഭിക്കുന്നുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മുംബൈയിലേക്ക് ഗോ എയർ പ്രതിദിന സർവീസ് 10 മുതൽ ആരംഭിച്ചിരുന്നു.
രാത്രി 11 ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് പുലർച്ചെ ഒന്നിന് മുംബൈയിലെത്തും. മുംബൈയിൽനിന്ന് അർധരാത്രി 12.45ന് പുറപ്പെട്ട് 2.45ന് കണ്ണൂരിലെത്തുന്ന തരത്തിലാണു സർവീസ്.ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും നിലവിൽ ഗോ എയർ സർവീസ് നടത്തുന്നുണ്ട്.
തിരക്ക് കൂടിയതിനാൽ ബംഗളൂരുവിലേക്ക് രാവിലെ പ്രതിദിന സർവീസും തുടങ്ങിയിരുന്നു. ഇൻഡിഗോ, സ്പൈസ് ജെറ്റ് കമ്പനികളുടെ സർവീസും വൈകാതെ കണ്ണൂരിൽനിന്നുണ്ടാകും.