മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനയ്ക്കുശേഷം പുറത്തിറങ്ങിയ യാത്രക്കാരനെ സ്വർണവുമായി എയർപോർട്ട് പോലീസ് പിടികൂടി.
കാസർഗോഡ് ബന്തടുക്ക സ്വദേശി അഹമ്മദ് കബീർ റിഫായിൽനിന്നാണ് 10,14,217 രൂപ വരുന്ന 221.33 ഗ്രാം സ്വർണം പിടികൂടിയത്.
ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിയതായിരുന്നു അഹമ്മദ് കബീർ റിഫായ്.
വിമാനത്താവളത്തിനുള്ളിൽ കസ്റ്റംസിന്റെ പരിശോധനയ്ക്കുശേഷം പുറത്തിറങ്ങിയ യാത്രക്കാരനെ സംശയം തോന്നിയതിനെ തുടർന്ന് പോലീസ് പരിശോധിക്കുകയായിരുന്നു.
പരിശോധനയിൽ ഇയാൾ കൈയിൽ കരുതിയ ലഗേജിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിൽ സ്വർണം കണ്ടെത്തി.
കണ്ണൂർ സിറ്റി പോലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള എയർപോർട്ട് പോലീസ് സ്റ്റേഷനിലെ പ്രത്യേക സ്ക്വാഡാണ് സ്വർണം പിടികൂടിയത്.
കസ്റ്റംസിന്റെ പരിശോധനയ്ക്കുശേഷം പുറത്തിറങ്ങുന്ന നിരവധി സ്വർണക്കടത്തുകാരെ അടുത്ത കാലത്ത് പോലീസ് പിടികൂടിയിരുന്നു.