മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ 42 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടു യാത്രക്കാർ പിടിയിൽ. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് റിയാസ്, മുഹമ്മദ് നിസാർ എന്നിവരിൽ നിന്നാണു സ്വർണം പിടികൂടിയത്.
ഡിആർഐ കണ്ണൂർ യൂണിറ്റിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു ഡിആർഐയും കസ്റ്റംസും നടത്തിയ സംയുക്ത പരിശോധനയിലാണു കള്ളക്കടത്തു പിടികൂടിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിൽ നിന്നും കണ്ണൂരിൽ എത്തിയതായിരുന്നു ഇരുവരും. മുഹമ്മദ് റിയാസിൽ നിന്നും 479 ഗ്രാം സ്വർണം ഫുഡ് പ്രോസസറിൽ സ്വർണ കട്ടിയായും തലയിണ കവറിൽ പേസ്റ്റ് രൂപത്തിലും ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുമ്പോഴാണു പിടികൂടിയത്.
മുഹമ്മദ് നിസാറിൽ നിന്നും 97 ഗ്രാം സ്വർണം ചോക്കലേറ്റിന്റെയും കളിപ്പാട്ടത്തിന്റെയും ഹാർഡ് ബോർഡ് കവറുകൾക്കിടയിൽ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ചാണു സ്വർണം കടത്താൻ ശ്രമിച്ചത്. നീണ്ട ഇടവേളയ്ക്കുശേഷമാണു സ്വർണക്കടത്ത് പിടികൂടുന്നത്.