മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കള്ളക്കടത്ത് വ്യാപകമാകുന്നു. സ്വർണവും മയക്കുമരുന്നുകളും ഉൾപ്പെടെയാണ് വിമാനം വഴി കടത്തുന്നത്. വിമാനത്താവളം പ്രവർത്തനം ആരംഭിച്ചു നാലു മാസം തികയുമ്പോഴേക്കും നിരവധി പേരിൽ നിന്ന് സ്വർണവും മയക്കുമരുന്നും പിടികൂടിയ സാഹചര്യത്തിൽ കസ്റ്റംസ് ഉൾപ്പെടെയുള്ള വിഭാഗം പരിശോധന കർശനമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ദോഹയിലേക്ക് കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ കസ്റ്റംസ് അന്വേഷണം നടത്തി വരികയാണ്. ആദ്യമായാണ് മയക്കുമരുന്ന് കടത്തുന്നത് വിമാനത്താവളത്തിൽ വച്ചു പിടികൂടിയത്. കൊല്ലം കൊട്ടാരക്കര സ്വദേശി പി. ഷബിൻ ഷാ (26)ൽ നിന്നാണ് ആദ്യമായി ഒരു കിലോ തൂക്കം വരുന്ന ഹാഷിഷ് ഓയിൽ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ഇൻഡിഗോ വിമാനത്തിൽ ദോഹയിലേക്ക് പോകുകയായിരുന്ന ഷബിൻ ഷായുടെ ഷൂസിനുള്ളിൽ ഒളിപ്പിച്ചു വച്ചതായിരുന്നു ഹാഷിഷ് ഓയിൽ. വിമാനത്താവളം ഉദ്ഘാടനം കഴിഞ്ഞ് പതിനൊന്നാമത്തെ ദിവസമാണ് സ്വർണം കടത്തുമ്പോൾ പിണറായി സ്വദേശി കസ്റ്റംസിന്റെ പിടിയിലാകുന്നത്. പിന്നീട് നിരവധി പേരിൽ നിന്നായി 20 കിലോയോളം തൂക്കം വരുന്ന സ്വർണം പിടികൂടിയിരുന്നു. നേരത്തെ കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്ത് വ്യാപകമായിരുന്നു.
പുതിയ വിമാനത്താവളമായതിനാൽ കണ്ണൂരിൽ പരിശോധന കർശനമല്ലയെന്ന കണക്ക് കൂട്ടലാണ് സ്വർണവും മയക്കുമരുന്നും കടത്താൻ കണ്ണൂർ വിമാനത്താവളത്തെ തെരഞ്ഞെടുക്കുന്നത്. സ്വർണവും മയക്കുമരുന്നും കടത്താൻ പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നതായി വിവരമുണ്ട്. കഴിഞ്ഞ ദിവസം പാസഞ്ചർ ടെർമിനൽ ബിൽഡിംഗിൽ സെക്യൂരിറ്റി ചെക്കിംഗിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ മയക്കുമരുന്നുമായി പിടികൂടിയ യുവാവിന് മട്ടന്നൂരിൽ വച്ചാണ് മയക്കുമരുന്ന് ലഭിച്ചത്.
ദോഹയിൽ വിമാനമിറങ്ങിയാൽ ഷൂസിനുളള സാധനം ഒരാൾ വന്നു വാങ്ങുമെന്നു പറഞ്ഞാണ് ഷബിന് ധരിക്കാംവിധത്തിലുള്ള ഷൂ സംഘം നൽകിയത്. മയക്കുമരുന്ന് ഒളിപ്പിച്ചു വച്ച ഷൂവാണ് നൽകിയിരുന്നത്. വിമാനത്താവളത്തിന് അഞ്ച് കിലോമീറ്റർ അകലെയായ മട്ടന്നൂരിനടുത്തു വച്ചാണ് ഹാഷിഷ് ഓയിൽ അടങ്ങുന്ന ഷൂ നൽകിയതെന്നും സുഹൃത്ത് മുഖേന പരിചയപ്പെട്ടവരാണ് സാധനം തന്നതെന്നും പിടിയിലായ യുവാവ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തി വരികയാണ് ഉദ്യോഗസ്ഥർ.
കൊല്ലത്തുള്ള യുവാവ് കണ്ണൂരിലെത്തി വിമാനം കയറണമെങ്കിൽ മയക്കു മരുന്ന് കടത്തുകയെന്ന ലക്ഷ്യമാക്കിയാണ്. വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണവും മയക്കുമരുന്നും ഉൾപ്പെടെ കള്ളക്കടത്ത് നടത്തുന്ന സംഘത്തെ പിടികൂടുന്നതിന് ആധുനിക യന്ത്രങ്ങളാണ് വിമാനത്താവളത്തിൽ പരിശോധനയ്ക്കായി ഉപയോഗിക്കുന്നത്.