കണ്ണൂർ: ഉത്തരമലബാറിന്റെ വികസനസ്വപ്നങ്ങൾക്കു സാഫല്യമേകി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ആദ്യ യാത്രാവിമാനം പറന്നുയർന്നു. അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് രാവിലെ 10.15ന് കണ്ണൂരിൽനിന്ന് പറന്നുയർന്നത്. ആദ്യവിമാനത്തിന്റെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേർന്നു നിർവഹിച്ചു. ടെർമിനലിന്റെ ഉദ്ഘാടനവും ഇരുവരും ചേർന്നു നിർവഹിച്ചിരുന്നു.
ആദ്യവിമാനത്തിലെ യാത്രക്കാരെ വായന്തോട് ജംഗ്ഷനിൽ രാവിലെ ആറിനു സ്വീകരിച്ച് എയർപോർട്ടിലെത്തിച്ചതോടെയാണു ചടങ്ങുകൾ ആരംഭിച്ചത്. യാത്രക്കാരുടെ ലഗേജ് കൊണ്ടുപോകുന്നതിനായി പ്രത്യേക വാഹനം ഏർപ്പാടാക്കിയിരുന്നു. മട്ടന്നൂർ ശങ്കരൻകുട്ടിയുടെ കേളികൊട്ടോടെയാണ് വിമാനത്താവളം ഉദ്ഘാടച്ചടങ്ങിന് തുടക്കമായത്.
ഉദ്ഘാടനദിവസമായ ഇന്ന് 15 വിമാനങ്ങൾ വിമാനത്താവളത്തിലുണ്ടാകും. അബുദാബിയിലേക്ക് ആദ്യ സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനു പുറമെ മുതിർന്ന ഉദ്യോഗസ്ഥർ, കിയാൽ ഡയറക്ടർമാർ തുടങ്ങിയവർ എത്തുന്ന വിമാനങ്ങളാണ് ഇവിടെയുണ്ടാകുക. കൂടാതെ വ്യോമസേന, നാവിക സേന എന്നിവയുടെ വിമാനങ്ങളുമുണ്ടാകും.
ഉച്ചയ്ക്ക് 12.20ന് ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ഗോ എയർ വിമാനവും കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുമായെത്തും. ഉദ്ഘാടനച്ചടങ്ങിനെത്തുന്ന വിശിഷ്ടാതിഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെയും വഹിച്ച് ഉച്ചകഴിഞ്ഞ് മൂന്നിന് ഈ വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെടും.