മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടന പ്രചരണാർഥം റോഡുകളിൽ കമാനങ്ങൾ സ്ഥാപിച്ചു തുടങ്ങി. ബുധനാഴ്ച രാവിലെ മുതലാണ് പ്രവൃത്തി ആരംഭിച്ചത്. പത്ത് കേന്ദ്രങ്ങളിലാണ് കമാനങ്ങൾ സ്ഥാപിക്കുന്നത്. ചാവശേരി, മട്ടന്നൂർ, മേലേ ചൊവ്വ, വായാന്തോട്, കരേറ്റ തുടങ്ങിയ സ്ഥലങ്ങളിലാണ് കമാനങ്ങൾ സ്ഥാപിച്ചു വരുന്നത്.
ഉദ്ഘാടനത്തിന് മുന്നോടിയായി ഏഴിന് വൈകുന്നേരം മട്ടന്നൂരിൽ നടക്കുന്ന വിളംബര ഘോഷയാത്രയിൽ പുലികളും ഇറങ്ങും. തൃശൂരിൽ നിന്നാണ് പുലികളി കലാകാരൻമാർ എത്തുന്നത്. വായാന്തോട് നിന്നാരംഭിക്കുന്ന ഘോഷയാത്ര മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും.
ഉദ്ഘാടനത്തിന്റെ മട്ടന്നൂർ ബസ് സ്റ്റാൻഡ്, വായന്തോട്, ഇരിട്ടി റോഡ്, തലശേരി റോഡ് എന്നിവിടങ്ങളിൽ ഏഴു മുതൽ വൈദ്യുതാലങ്കാരങ്ങൾ ഏർപ്പെടുത്തും. വ്യാപാരസ്ഥാപനങ്ങളും വീടുകളും അലങ്കരിക്കാനും പ്രാദേശിക സംഘാടകസമിതിയുടെ അവലോകന യോഗത്തിൽ തീരുമാനമായി.
വിമാനത്താവളത്തിൽ ഉദ്ഘാടന ദിവസം കുടുംബശ്രീ ഭക്ഷണ സ്റ്റാളുകൾ തുറക്കും. ചടങ്ങിനെത്തുന്നവരെ സഹായിക്കാൻ വൊളന്റീയർമാരും ഇൻഫർമേഷൻ കൗണ്ടറുകളുമുണ്ടാകും. വിമാനത്താവളത്തിന് സ്ഥലംവിട്ടുനൽകിയവർക്ക് പന്തലിൽ പ്രത്യേക സൗകര്യമൊരുക്കും. ഇവർക്ക് നഗരസഭയും പഞ്ചായത്തും പ്രത്യേക പാസുകൾ നൽകും.
യോഗത്തിൽ കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ അധ്യക്ഷത വഹിച്ചു. കിയാൽ എംഡി വി. തുളസീദാസ്, ചീഫ് പ്രൊജക്ട് എൻജിനീയർ കെ.എസ്. ഷിബുകുമാർ, നഗരസഭാ ചെയർപേഴ്സൺ അനിതാ വേണു, വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.